മുംബൈയിൽ അടുത്ത വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മുംബൈ, താനെ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അഞ്ച് ദുരന്തനിവാരണ സേന യൂണിറ്റുകളെ മുംബൈയിൽ വിന്യസിച്ചിട്ടുണ്ട്.
റായ്ഗഡ്, രത്‌നഗിരി, സിന്ധുദുർഗ് ജില്ലകളിൽ ജൂൺ 4 മുതൽ ജൂൺ 8 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്തതോ അതിശക്തമായതോ ആയ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത രണ്ട് ദിവസത്തേക്ക് പാൽഘർ ജില്ലയിൽ യെല്ലോ അലർട്ടും അതിനുശേഷം മൂന്ന് ദിവസത്തേക്ക് ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.നിലവിൽ മഹാരാഷ്ട്രയിൽ ആകെ എട്ട് എൻഡിആർഎഫ് യൂണിറ്റുകളെ വിന്യസിച്ചിട്ടുണ്ട്. നാഗ്പൂർ, ചിപ്ലൂൺ, മലാഡ് എന്നിവിടങ്ങളിൽ ഒന്ന് വീതവും ബാക്കി അഞ്ച് ടീമുകൾ മുംബൈയിലുമാണ്.
രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്നലെ പെയ്ത മഴയിൽ മുംബൈയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. പ്രധാന റോഡുകളിലെല്ലാം വെള്ളം കയറി. നഗരത്തിലെ പ്രാദേശിയ ട്രെയിൻ ഗതാഗതത്തേയും മഴ ബാധിച്ചു. ഇന്ന് രാവിലെയും പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്.