തിരുവനന്തപുരം: പി.സി ജോർജിനെതിരായ പീഡനക്കേസിൽ ഹൈക്കോടതിയെ സമീപിച്ച് പരാതിക്കാരി. പി.സി ജോർജിന്റെ ജാമ്യം റദ്ധാക്കണമെന്നാവശ്യപ്പെട്ടാണ് പരാതിക്കാരി കോടതിയെ സമീപിച്ചത്. ജാമ്യം നൽകിയ കീഴ്ക്കോടതി നടപടി തെറ്റാണെന്നും ഹരജിയിൽ ചൂണ്ടിക്കാണിക്കുന്നു.
പി.സി ജോർജിനെ കസ്റ്റഡിയിൽ എടുക്കണമെന്ന് പരാതിക്കാരി ആവശ്യപ്പെട്ടു. പി.സി.ജോർജിനെതിരെ പ്രധാനപ്പെട്ട വകുപ്പുകൾ ചുമത്തിയില്ല. ജാമ്യം ലഭിച്ചതിന് ശേഷം സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും പരാതിക്കാരി ആരോപിച്ചു. മ്യൂസിയം എസ്.എച്ച്.ഒക്കെതിരെയാണ് ആരോപണം.
പി സി ജോർജിനെതിരെ പീഡന പരാതി നൽകാൻ വൈകിയതിൽ ദുരൂഹതയെന്ന് കോടതി ഇന്ന് നിരീക്ഷിച്ചു. ജോർജിന് ജാമ്യം അനുവദിച്ച ഉത്തരവിലാണ് കേസിന്റെ വിശ്വാസ്യതയിൽ കോടതി സംശയം പ്രകടിപ്പിച്ചത്. പരാതി നൽകാൻ വൈകിയതിൽ ദുരൂഹതയുണ്ട്. പരാതി നൽകാൻ 5 മാസം വൈകിയതിന് കൃത്യമായ കാരണം ബോധിപ്പിക്കാനായിട്ടില്ലെന്നും ജാമ്യം അനുവദിച്ച് കൊണ്ടുള്ള ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടുന്നു.
പീഡന പരാതിയിൽ പി സി ജോർജിനെ അറസ്റ്റ് ചെയ്തതിൽ പൊലീസിനെയും കോടതി വിമർശിച്ചു. പിസി ജോര്‍ജിനെ അറസറ്റ് ചെയ്തത് സുപ്രിം കോടതിയുടെ മാനദണ്ഡം പാലിച്ചല്ല. അറസ്റ്റിന് മുമ്പ് പ്രതിയുടെ ഭാഗം കേള്‍ക്കാനുള്ള നിയമപരമായ അവകാശം നല്‍കിയില്ലെന്ന് കോടതി വിമർശിച്ചു. തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ ജാമ്യ ഉത്തരവിലാണ് കോടതിയുടെ നിരീക്ഷണം.
2022 ഫെബ്രുവരി 10 ന് തൈക്കാട് ഗസ്റ്റ് ഹൗസിലെ 404 നമ്പർ റൂമിലേക്ക് വിളിച്ച് വരുത്തി ലൈംഗിക ചുവയോടെ സംസാരിക്കുകയും തുടർന്ന് ബലപ്രയോഗം നടത്തുകയും ചെയ്തുവെന്നാണ് പരാതി.