നടി മഞ്ജുവാര്യർക്ക് കേന്ദ്ര സർക്കാരിന്റെ അഭിനന്ദനം. കേന്ദ്ര ഫിനാൻസ് മന്ത്രാലയത്തിൽ നിന്നുമാണ് ഈ അംഗീകാരം താരത്തെ തേടി എത്തിയത്. കൃത്യമായി ടാക്‌സ് നൽകുന്നവർക്ക് കേന്ദ്ര ഗവൺമെൻ്റ് നൽകുന്ന സർട്ടിഫിക്കറ്റാണ് താരത്തിന് ലഭിച്ചത്. സച്ചിൻ ടെണ്ടുൽക്കർ ഉൾപെടുന്ന പ്രമുഖ താരങ്ങൾക്ക് ഈ അംഗീകാരം മുൻപ് ലഭിച്ചിട്ടുള്ളതാണ്. നാടിന് വേണ്ടി കൃത്യമായി ടാക്സ് നൽകുന്നത് വഴി വലിയൊരു മാതൃക തന്നെയാണ് താരം കാണിച്ചിരിക്കുന്നത്. തല അജിത്തിന്റെ നായികയാണ് മഞ്ജു വാര്യർ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. വമ്പൻ പ്രോജക്ടുകളാണ് താരത്തിന് വേണ്ടി ഇപ്പോൾ അണിയറയിൽ ഒരുങ്ങുന്നത്. ജാക്ക് എൻ ജിൽ, മേരി ആവാസ് സുനോ എന്നിവയാണ് മഞ്ജുവിന്റെ ഒടുവിൽ റിലീസായ ചിത്രങ്ങൾ.
കഴിഞ്ഞ ദിവസം മോഹൻലാലിനും ഈ അംഗീകാരം ലഭിച്ചിരുന്നു. സമയനിഷ്‌ഠയോടെ ജി.എസ്.ടിയും നികുതി റിട്ടേണുകളും സമർപ്പിച്ചതിനാണ് താരത്തെ തേടി അഭിനന്ദനം എത്തിയത്. സെൻട്രൽ ബോർഡ് ഒഫ് ഇൻഡയറക്‌ട് ടാക്‌സസ് ആൻഡ് കസ്‌റ്റംസാണ് ലാലിനും നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ നിർമ്മാണക്കമ്പനിയായ ആശീർവാദ് സിനിമാസിനും അഭിനന്ദന സർട്ടിഫിക്കറ്റ് നൽകിയത്.കേന്ദ്രസർക്കാരിന് നന്ദി അറിയിച്ചും ഇന്ത്യക്കാരനായതിൽ അഭിമാനിക്കുന്നുവെന്ന് വ്യക്തമാക്കിയും സർട്ടിഫിക്കറ്റ് മോഹൻലാൽ സാമൂഹിക മാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.