നാമക്കൽ : അച്ചടക്കമില്ലായ്മയും അഴിമതിയും വെച്ചുപൊറുപ്പിക്കില്ലെന്ന മുന്നറിയിപ്പുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. അഴിമതിയും അച്ചടക്കമില്ലായ്മയും വർധിച്ചാൽ താനൊരു ഏകാധിപതിയായി മാറുമെന്നും നടപടിയെടുക്കുമെന്നും സ്റ്റാലിൻ പറഞ്ഞു. നാമക്കലിൽ തദ്ദേശ സ്വയംഭരണസ്ഥാപന പ്രതിനിധികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമം അനുസരിച്ചു മാത്രമേ പ്രവര്‍ത്തിക്കാവൂവെന്നും അല്ലാത്തവര്‍ക്കെതിരേ ശക്തമായ നടപടി കൈക്കൊള്ളുമെന്നും സ്റ്റാലിന്‍ പറഞ്ഞു.
“എന്റെ അടുത്ത സുഹൃത്തുക്കള്‍ പറയുന്നുണ്ട്, ഞാന്‍ കൂടുതല്‍ ജനാധിപത്യവാദിയായി മാറിയെന്ന്. എല്ലാവരെയും കേള്‍ക്കുകയും അവരുടെ അഭിപ്രായങ്ങള്‍ മാനിക്കുകയും ചെയ്യുന്നതാണ് ജനാധിപത്യം. ആര്‍ക്കും എന്തും ചെയ്യാവുന്നതല്ല ജനാധിപത്യം. ഇതുവരെയും അത്തരക്കാരനായിട്ടില്ല എന്നാല്‍, അച്ചടക്കമില്ലായ്മയും അഴിമതിയും വര്‍ധിക്കുന്നപക്ഷം ഞാന്‍ സ്വേച്ഛാധിപതിയാവുകയും നടപടി കൈക്കൊള്ളുകയും ചെയ്യും. തദ്ദേശ സ്ഥാപന പ്രതിനിധികളോടു മാത്രമായല്ല, എല്ലാവരോടുമായാണ് താന്‍ ഇക്കാര്യം പറയുന്നത്.”- സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.
തദ്ദേശ സ്ഥാപനത്തിലെ വനിതാ പ്രതിനിധികളോട് ഉത്തരവാദിത്വനിര്‍വഹണം ഭര്‍ത്താക്കന്മാരെ ഏല്‍പിക്കരുതെന്നും സ്റ്റാലിന്‍ പറഞ്ഞു.