തിരുവനന്തപുരം: സ്വന്തം പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിക്കപ്പെട്ടപ്പോൾ അത് ആഘോഷമാക്കി മാറ്റുകയാണ് സിപിഎം ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പോലീസ് നോക്കി നിൽക്കെ ഓഫീസുകൾ ആക്രമിക്കപ്പെട്ടത് എങ്ങനെയാണെന്നും വി.ഡി സതീശൻ നിയമസഭയിൽ ചോദിച്ചു.
ആക്രമണം ഉണ്ടാകുന്നതിന് അരമണിക്കൂർ മുമ്പേ ഇ.പി ജയരാജൻ പുറപ്പെട്ടോ എന്നാണ് സംശയം. ആക്രമണത്തിന് തലേദിവസം മുമ്പ് വരെ എകെജി സെന്ററിന് മുമ്പിൽ ആ ഗേറ്റില്‍ പോലീസ് ഉണ്ടായിരുന്നു. എന്നാൽ ആക്രമണം നടന്ന സമയത്ത് ജീപ്പ് ഉണ്ടായിരുന്നില്ല. ആരാണ് അത് മാറ്റിയത്? എകെജി സെന്ററിനും സമീപപ്രദേശങ്ങളിലുമായി എഴുപതോളം സിസിടിവി ക്യാമറകളുണ്ട്. ഇതിലൊന്നും പതിയാതെ എങ്ങനെയാണ് പ്രതി രക്ഷപ്പെട്ടത്? കേരളാ പോലീസിന്റെ സ്ട്രൈക്കേഴ്സ് ടീമിനായിരുന്നു എകെജി സെന്ററിന്റെ ചുമതല. ഇവർ നോക്കിനിൽക്കുമ്പോൾ എങ്ങനെയാണ് അവിടെ ഒരു ബോംബ് ആക്രമണം ഉണ്ടായത്? ഇത്രയും ശക്തമായ സുരക്ഷയ്ക്കിടയിൽ എങ്ങനെയാണ് പ്രതി രക്ഷപ്പെട്ടത്? സിപിഎം നേതാക്കളുടെ പ്രസ്താവന പരസ്പര വിരുദ്ധമാണ്. മുഖ്യമന്ത്രിയുടെ മൂക്കിന് താഴെയുള്ള പോലീസിന് പ്രതികളെ കണ്ടെത്താൻ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഡിസിസി ഓഫീസിന് നേരെ ആക്രമണം നടത്തുമ്പോഴും പന്തമെറിയുമ്പോഴും പോലീസ് കൈയും കെട്ടി നിൽക്കുകയായിരുന്നില്ല, തൊപ്പിയിൽ കൈ വെച്ചു നിൽക്കുകയായിരുന്നു. ആക്രമികൾ തൊപ്പി കൊണ്ടു പോകാതിരിക്കാനായിരുന്നു എന്നും അദ്ദേഹം ചോദിക്കുന്നു.