തിരുവനന്തപുരം: വയനാട് എംപി രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചത് തടയുന്നതിൽ പൊലീസിന് വീഴ്‍ച്ചയുണ്ടായെന്ന് എഡിജിപിയുടെ റിപ്പോര്‍ട്ട്. സംഭവ ദിവസം 12.30 ന് രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് മാർച്ചുണ്ടാകുമെന്ന് ഇന്‍റലിജന്‍സ് റിപ്പോർട്ട് നൽകിയിരുന്നു. എന്നാല്‍ 200 ലധികം പ്രവർത്തകരെത്തിയപ്പോൾ തടയാനുണ്ടായിരുന്നത് കൽപ്പറ്റ ഡിവൈഎസ്പിയും 25 പൊലിസുകാരും മാത്രമായിരുന്നു. എസ്എച്ച്ഒ അവധിയിലുമായിരുന്നെന്ന് എഡിജിപി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ബാരിക്കേഡ് വച്ച് എസ്എഫ്ഐ പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞില്ല. വാഴയുമായി അകത്തു കയറാനുള്ള എസ്എഫ്ഐ പ്രവര്‍ത്തകരുടെ നീക്കം അറിഞ്ഞിട്ടും നടപടി ഉണ്ടായിട്ടില്ല. പ്രവർത്തകർ ഓഫീസുള്ളിൽ കയറിയിട്ടും പൊലീസ് നടപടിയുണ്ടായത് ഏറെ വൈകിയാണെന്നും എഡിജിപി മനോജ് എബ്രഹാമിന്‍റെ റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.