പാലക്കാട്: സോളാര്‍ പ്രതിയുടെ പീഡന പരാതിയില്‍ പി സി ജോര്‍ജിനെ പിന്തുണച്ച് കോണ്‍ഗ്രസ്. പി സി ജോര്‍ജിന്റെ അറസ്റ്റ് പ്രതികാര നടപടിയാണെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു. മുഖ്യമന്ത്രി ഉളുപ്പില്ലാത്ത ആളാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് വിമര്‍ശിച്ചു.
സരിതയെ വിശ്വസിച്ച സര്‍ക്കാര്‍ എന്തുകൊണ്ട് സ്വപ്നയെ വിശ്വസിക്കുന്നില്ലെന്ന് കെ സുധാകരന് ചോദിച്ചു. സ്വപ്നയുടെ ആരോപണത്തോട് പ്രതികരിച്ചത് തന്നെ എട്ട് ദിവസങ്ങൾക്ക് ശേഷമായിരുന്നു. പൊതുരംഗത്ത് അഭിമാനബോധമുള്ള ഒരു രാഷ്ട്രീയ നേതാവ് പ്രശ്നങ്ങളുണ്ടാകുമ്പോൾ ആ പ്രശ്നങ്ങളിൽ നിന്ന് അവരുവരുടെ വ്യക്തിത്വം സംരക്ഷിക്കാൻ പ്രവർത്തികുകയാണ് വേണ്ടത്. എന്നാൽ മുഖ്യമന്ത്രിക്ക് അതില്ല. അഭിമാനപ്രശ്നമില്ലാത്ത നേതാവായി മാറിക്കഴിഞ്ഞു. മുഖ്യമന്ത്രിയോട് വി എസ് അച്യുതാനന്ദൻ പണ്ട് പറഞ്ഞതാണ് എനിക്കും പറയാനുള്ളത്. ഉളുപ്പ് വേണമെന്നതാണ് അതെന്നും സുധാകരൻ വ്യക്തമാക്കി.
എ കെ ജി സെന്റർ ആക്രമണം ഇ പി ജയരാജന്റെ ആസൂത്രണമാണെന്നും സുധാകരൻ ആവർത്തിച്ചു. കല്ലെറിയുമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടതിന് അറസ്റ്റിലായ ആൾക്ക് ജാമ്യം നൽകിയതോടെ കോൺഗ്രസ് നേരത്തെ പറഞ്ഞ കാര്യം സത്യമാണെന്ന് തെളിഞ്ഞെന്നും കെ പി സി സി അധ്യക്ഷൻ അഭിപ്രായപ്പെട്ടു.