തിരുവനന്തപുരം: പീഡനക്കേസിൽ പി.സി. ജോർജിന് ഉപാധികളോടെ ജാമ്യം. പരാതിക്കാരിക്ക് വിശ്വാസയോഗ്യതയില്ലെന്ന ജോർജിന്‍റെ അഭിഭാഷകന്‍റെ വാദം അംഗീകരിച്ച തിരു. ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
പി.സി.ജോര്‍ജിന് ജാമ്യം അനുവദിക്കരുതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നു. മണിക്കൂറുകള്‍ നീണ്ട വാദ പ്രതിവാദങ്ങള്‍ക്കൊടുവിലാണ് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം. കുറ്റപത്രം സമർപ്പിക്കുന്നതുവരെ ജോർജ് ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു.
മുൻ മുഖ്യമന്ത്രിക്കെതിരെ വരെ പീഡന ആരോപണം ഉന്നയിച്ച ആളാണ് പരാതിക്കാരി. രാഷ്ട്രീയമായി കെട്ടിച്ചമച്ച കേസാണ് ഇത്. ജോര്‍ജ് ഹൃദ്രോഗിയാണ്, രക്തസമ്മർദ്ദമുണ്ട്. ജയിലിലടയ്ക്കരുതെന്നും പ്രതിഭാഗം വാദിച്ചു.
ജോര്‍ജിന് ജാമ്യം നല്‍കരുതെന്ന് കോടതിയിൽ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
സോളാര്‍ കേസ് പ്രതിയുടെ രഹസ്യമൊഴിയില്‍ മ്യൂസിയം പൊലീസാണ് മുന്‍ എംഎല്‍എയെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം ഗസ്റ്റ് ഹൗസില്‍ വച്ച് ലൈംഗിക താത്പര്യത്തോടെ കടന്നുപിടിച്ചെന്നും, അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും സോളാര്‍ കേസ് പ്രതി ആരോപിച്ചു. അതേസമയം ഒരു വൃത്തികേടും കാട്ടിയിട്ടില്ലെന്ന് പി.സി.ജോര്‍ജ് പറഞ്ഞു. ഇത് കള്ളക്കേസാണെന്നും താന്‍ നിരപരാധിയെന്ന് തെളിയിക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു.
















