ന്യൂഡല്‍ഹി: ഉദയ്പൂരില്‍ തയ്യല്‍ക്കടയുടമ കനയ്യ ലാലിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കോടതി പരിസരത്ത് വളഞ്ഞിട്ട് ആക്രമിച്ച് ജനക്കൂട്ടം. ജയ്പൂരിലെ എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കിയതിന് ശേഷം പോലീസ് വാഹനത്തിലേക്ക് കൊണ്ടുപോവുകയായിരുന്ന രണ്ട് പ്രതികളെ ചുറ്റും നിന്ന രോക്ഷാകുലരായ ജനക്കൂട്ടം ആക്രമിക്കുകയായിരുന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് പ്രയാസപ്പെട്ടു.
ആൾക്കൂട്ടത്തിൽനിന്ന് പൊലീസ് ഇരു പ്രതികളെയും വെയ്റ്റിങ് വാനിലേക്ക് മാറ്റിയാണ് അപകടം ഒഴിവാക്കിയത്. ആക്രമണത്തിൽ പ്രതികളുടെ വസ്ത്രം കീറി. ഉദയ്പുരിൽ കനയ്യ ലാലിനെ കൊലപ്പെടുത്തി വിഡിയോ പ്രചരിപ്പിച്ച കേസിലെ പ്രതികളെയാണ് ജനം ആക്രമിച്ചത്. പ്രതികളായ റിയാസ് അഖ്താറി, ഗോസ് മുഹമ്മദ് എന്നിവർ കൊലപാതകത്തിന്റെ വിഡിയോ എടുത്തിരുന്നു.
കൊലപാതകം നടന്നു മണിക്കൂറുകൾക്കകം പൊലീസ് ഇരുവരെയും അറസ്‌റ്റ് ചെയ്‌തു. ഇവരെ കൂടാതെ തയ്യൽക്കടയിൽ പ്രശ്നമുണ്ടാക്കാനും കൊല നടത്താനും കൂട്ടുനിന്ന 2 പേരെക്കൂടി പൊലീസ് പിടികൂടി. ജയ്‌പുരിലെ എൻഐഎ കോടതിയിൽ നാലുപേരെയും ഹാജരാക്കാൻ എത്തിയപ്പോഴാണ് ജനക്കൂട്ടം പ്രതികളെ കയ്യേറ്റം ചെയ്തത്. പ്രതികളെ ജൂലൈ 12 വരെ കസ്റ്റഡിയിൽ വിട്ടുനൽകാൻ കോടതി അനുവദിച്ചു.
ചൊവ്വാഴ്ചയാണ് ഉദയ്പൂരിലെ തയ്യല്‍ക്കടയുടമയായ കനയ്യ ലാലിനെ ഒരു സംഘം കഴുത്തറുത്ത് കൊലപ്പെടുത്തിയത്. പ്രവാചകനെതിരേ പരാമര്‍ശം നടത്തിയ ബിജെപി നേതാവ് നൂപുര്‍ ശര്‍മയെ പിന്തുണച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്.
















