ന്യൂഡൽഹി: കേന്ദ്ര സർക്കാർ മണ്ണെണ്ണ വില വീണ്ടും വർധിപ്പിച്ചു. ഒരു ലിറ്ററിന് 14 രൂപ കൂട്ടി. ഇതോടെ ഒരു ലിറ്റർ മണ്ണെണ്ണയുടെ വില 102 രൂപയായി. ഈ വർഷം ഏപ്രിലിലാണ് മണ്ണെണ്ണ വില ഒറ്റയടിക്ക് 22 രൂപ കൂട്ടി ലിറ്ററിന് 81 രൂപയാക്കിയത്. നേരത്തെ 59 രൂപയായിരുന്നു.
മെയ് മാസത്തിൽ മൂന്നു രൂപ കൂടി കൂട്ടി, ഒരു ലിറ്റർ മണ്ണെണ്ണയുടെ വില 84 രൂപയാക്കി. ജൂണ്‍ മാസത്തില്‍ 4 രൂപ വര്‍ദ്ധിച്ച് ഇത് 88 രൂപയായി. മണ്ണെണ്ണയുടെ അടിസ്ഥാനവിലയോടൊപ്പം കടത്തുകൂലി, ഡീലേഴ്സ് കമ്മിഷന്‍, സി.ജി.എസ്.റ്റി., എസ്.ജി.എസ്.റ്റി. എന്നിവ കൂട്ടിച്ചേര്‍ത്ത വിലയ്ക്കാണ് റേഷന്‍കടകളില്‍ നിന്നും മണ്ണെണ്ണ വിതരണം ചെയ്യുന്നത്.
കേരളത്തിനുള്ള മണ്ണെണ്ണ വിഹിതം നേരത്തെ കേന്ദ്രസർക്കാർ 40 ശതമാനം വെട്ടിക്കുറച്ചിരുന്നു. മണ്ണെണ്ണ വില കുത്തനെ ഉയരുന്നത് മത്സ്യബന്ധന മേഖലക്ക് കനത്ത തിരിച്ചടിയാണ്.
അതേസമയം, നിലവിലെ സ്റ്റോക്ക് തീരും വരെ 84 രൂപയ്ക്ക് മണ്ണെണ്ണ വിൽക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു.