ഡൽഹി: മണിപ്പുരിലെ നോനിയിൽ ശക്തമായ മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ മരിച്ച 21 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്) അറിയിച്ചു. നോനിയിലെ മഖുവാമിനുസമീപമുള്ള ടുപുൾ യാർഡ് റെയിൽവേ നിർമാണക്യാന്പിനു അടുത്തായി ബുധനാഴ്ച അർധരാത്രിയായിരുന്നു മണ്ണിടിച്ചിൽ. ക്യാന്പിന്റെ സുരക്ഷാചുമതലയുള്ള ടെറിട്ടോറിയൽ ആർമി അംഗങ്ങൾ ഉൾപ്പെടെ ദുരന്തത്തിൽ മരിച്ചു.
അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവർക്കായി തെരച്ചിൽ ഇപ്പോഴും തുടരുകയാണ്. എൻഡിആർഎഫിന്റെ മൂന്നു സംഘങ്ങളാണു ദുരന്തമേഖലയിൽ തുടരുന്നത്. സൈന്യവും സംസ്ഥാനപോലീസും പ്രാദേശികഭരണകൂടവും ഒപ്പമുണ്ട്. കുറഞ്ഞത് 55 പേരെയെങ്കിലും ഇനിയും കണ്ടെത്താനുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.