ന്യൂഡല്‍ഹി: നബി വിരുദ്ധ പരാമര്‍ശത്തില്‍ ബിജെപി മുന്‍ വക്താവ് നൂപുര്‍ ശര്‍മ്മക്കെതിരെ സുപ്രീംകോടതി കടുത്ത വിമർശനങ്ങൾ ഉന്നയിച്ചതിന് പിന്നാലെ നിലപാട് വ്യക്തമാക്കി ഡല്‍ഹി പൊലീസ്. നൂപുര്‍ ശര്‍മ്മയുടെ മൊഴിയെടുത്തിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ പതിനെട്ടിന് തന്നെ മൊഴി രേഖപ്പെടുത്തിയതാണെന്നും പൊലീസ് അറിയിച്ചു.
നൂപുര്‍ ശര്‍മ്മയെ അറസ്റ്റ് ചെയ്യാത്തതിൽ പൊലീസിനെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. നൂപുര്‍ ശര്‍മ്മ രാജ്യത്തോട് മാപ്പ് പറയണമെന്ന് ഇന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. പരാമര്‍ശം പിന്‍വലിക്കാന്‍ വൈകിയെന്നും രാജ്യത്തുണ്ടായ അനിഷ്ട സംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍ ശര്‍മ്മയാണെന്നും കോടതി കുറ്റപ്പെടുത്തി.
അതേസമയം, പ്രവാചകനിന്ദാ കേസിൽ ബി.ജെ.പി നേതാവ് നുപൂർ ശർമയെ വീണ്ടും ചോദ്യംചെയ്യും. ഡൽഹിയിൽ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകാൻ പൊലീസ് നുപൂറിന് നോട്ടീസ് നൽകി. പ്രവാചകനിന്ദാ പരാമർശത്തിൽ സുപ്രീംകോടതിയുടെ രൂക്ഷവിമർശനത്തിനു പിന്നാലെയാണ് ഡൽഹി പൊലീസ് തുടർനടപടിയിലേക്ക് നീങ്ങുന്നത്.
കേസിൽ ഇതിനുമുൻപും നുപൂറിന് നോട്ടീസ് നൽകിയിരുന്നതായി ഡൽഹി പൊലീസ് അറിയിച്ചു. വിദ്വേഷം പ്രചരിപ്പിക്കുകയും മതവികാരം വ്രണപ്പെടുത്തുകയും ചെയ്ത കേസിലായിരുന്നു നോട്ടീസ്. ഇതിന്റെ അടിസ്ഥാനത്തിൽ ജൂൺ 18ന് അവർ ഡൽഹി പൊലീസിനു മുൻപാകെ ചോദ്യംചെയ്യലിന് ഹാജരായി. ഇതിൽ നുപൂറിന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പൊലീസ് ഡെപ്യൂട്ടി കമ്മിഷണർ(ഇന്റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപറേഷൻസ്) കെ.പി.എസ് മൽഹോത്ര അറിയിച്ചു.