ന്യൂഡല്‍ഹി: മണ്ണിപ്പൂരിലുണ്ടായ മണ്ണിടച്ചിലില്‍ ഇന്ന് എട്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇതോടെ ആകെ മരണം 16 ആയി. ചെളി രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുന്നു. ബുധനാഴ്ച അര്‍ദ്ധരാത്രി മുതല്‍ എന്‍ഡിആര്‍എഫ് രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. രക്ഷപ്പെടുത്തിയവരെ ആര്‍മി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിച്ചു.
മണ്ണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗ് തുടര്‍ച്ചയായി രണ്ടാം ദിവസവും ദുരന്തബാധിത പ്രദേശം സന്ദര്‍ശിച്ചു. ഇന്നലെ വളരെ വൈകിയും നടന്ന രക്ഷാപ്രവര്‍ത്തനത്തില്‍ എട്ട് പേരുടെ മൃതദേഹവും ഇന്ന് ഇതുവരെ എട്ട് മൃതദേഹങ്ങളും കണ്ടെത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രദേശത്താകെ ചെളി നിറഞ്ഞിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും സഹായങ്ങള്‍ ഉണ്ടാകുമെന്നും എല്ലാവരുടെയും സുരക്ഷയ്‌ക്കായി പ്രാര്‍ത്ഥിക്കുന്നെന്നും പ്രധാനമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവും മുഖ്യമന്ത്രിയുമായി സംസാരിച്ചിരുന്നു. തുപുലിലേക്ക് ദേശീയ ദുരന്ത നിവാരണ സേനയുടെ (എന്‍ഡിആര്‍എഫ്) രണ്ട് സംഘത്തെ കൂടി അയച്ചു. മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് അമിത് ഷായ്‌ക്ക് ട്വിറ്ററിലൂടെ നന്ദി അറിയിച്ചു. ദുരന്ത സാഹചര്യം വിലയിരുത്തനായി അടിയന്തര ചര്‍ച്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്നു.
നോനി ജില്ലയിലെ റെയില്‍വേ നിര്‍മാണ ക്യാമ്പിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. ക്യാമ്പിലെ 16 തൊഴിലാളികളെയാണ് ഇനിയും കണ്ടെത്താന്‍ ഉള്ളത്. അഞ്ച് സൈനികരെ നേരത്തെ രക്ഷപെടുത്തിയിരുന്നു എന്ന് അധികൃതര്‍ അറിയിച്ചു.