തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ രാഹുൽ ഗാന്ധി എംപിയുടെ ആരോപണത്തിന് ഉടനടി മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുൽ ഗാന്ധിയുടെ കത്തിന് താൻ മറുപടി നൽകിയെന്ന് മുഖ്യമന്ത്രി അറിയിച്ചു. രാഹുലിന് അയച്ച മറുപടിക്കത്തും മുഖ്യമന്ത്രി പുറത്തുവിട്ടു.
മറുപടി നൽകിയില്ലെന്ന് രാഹുൽ പറഞ്ഞത് തെറ്റ്. ജൂൺ എട്ടിന് ലഭിച്ച കത്തിന് 23 ന് മറുപടി നൽകി. ആശങ്ക പരിഹരിക്കാൻ നടപടി എടുക്കുമെന്ന് കത്തിൽ ഉറപ്പ് നൽകി. പാർലമെന്റ് സമ്മേളനത്തിൽ വിഷയം ഉന്നയിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബഫർ സോൺ വിഷയം ചൂണ്ടിക്കാട്ടി അയച്ച കത്തിന് മുഖ്യമന്ത്രി മറുപടി നൽകിയില്ലെന്നായിരുന്നു രാഹുലിന്റെ ആരോപണം. ജനാഭിലാഷമനുസരിച്ച് മുഖ്യമന്ത്രി പ്രവർത്തിക്കണമെന്നും ഇല്ലെങ്കിൽ ശക്തമായി പ്രതിഷേധിക്കുമെന്നും രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകി. ബഫർസോൺ വിഷയത്തിൽ കേന്ദ്രസംസ്ഥാന സർക്കാരുകളുടെ കർഷക വിരുദ്ധ നിലപാടുകൾക്കെതിരെ യു.ഡി.എഫ് നടത്തിയ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബഫർസോണിൽ ജനവാസ കേന്ദ്രങ്ങൾ ഉണ്ടാകാൻ പാടില്ലെന്നാണ് യു.ഡി.എഫ് നിലപാട്. ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കുന്നത് എൽ.ഡി.എഫും മുഖ്യമന്ത്രിയും അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.