ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ ചർച്ച നടത്തി. യുക്രൈൻ പ്രശ്‌നം ചർച്ചകളിലൂടെ പരിഹരിക്കണമെന്ന ഇന്ത്യയുടെ നിലപാട് പ്രധാനമന്ത്രി ആവർത്തിച്ചു. ആഗോളോ ഊർജ, ഭക്ഷ്യവിപണിയിലെ പ്രതിസന്ധി സംബന്ധിച്ചും ഇരുനേതാക്കളും തമ്മിൽ ചർച്ച നടത്തി.
യുദ്ധസാഹചര്യം നീളുന്നത് ഒഴിവാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. യുക്രൈന് മേൽ പാശ്ചാത്യ പങ്കാളികളുടെ ഇടപെടൽ അപകടകരമാണെന്നായിരുന്നു ഇതിനുള്ള പുടിന്റെ മറുപടി.
ഇന്ത്യക്കും റഷ്യയ്ക്കുമിടയിലെ വ്യാപാരം സംഭാഷണത്തിൽ ചർച്ചാ വിഷയമായി. റഷ്യയിൽ നിന്നുള്ള ഇന്ധന ഇറക്കുമതി ഇന്ത്യ തുടരും. റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ളതിനേക്കാൾ ഉയർന്നു എന്ന റിപ്പോർട്ടുകൾ അടുത്തിടെ വന്നിരുന്നു.
2021ലെ പുടിന്റെ ഇന്ത്യാ സന്ദർശനവേളയിലെ തീരുമാനങ്ങളിലെ പുരോഗതി ഇരുനേതാക്കളും വിലയിരുത്തി. കാർഷിക ഉൽപ്പന്നങ്ങൾ, ഫെർട്ടിലൈസർ, മരുന്നുകൾ എന്നിവയുമായി ബന്ധപ്പെട്ട ഉഭയകക്ഷി കരാറുകൾ സജീവമാക്കാൻ ചർച്ചയിൽ ധാരണയായി.
യുക്രെയ്‌നിലെ യുദ്ധ സാഹചര്യത്തില്‍ നയതന്ത്രത്തിന്റെയും സംവാദത്തിന്റെയും സഹായത്തോടെ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും റഷ്യയ്‌ക്ക് നിര്‍ദേശം നല്‍കി. ഭക്ഷ്യോല്‍പന്നങ്ങളുടെ ഉല്‍പാദനത്തില്‍ വരുത്തിയ തെറ്റുകള്‍ പല രാജ്യങ്ങളെയും വില വര്‍ദ്ധനവിലേക്ക് നയിച്ചെന്ന് പുടിന്‍ അഭിപ്രായപ്പെട്ടു. ഭക്ഷ്യ മാര്‍ക്കറ്റുകളെ കുറിച്ചുള്ള ചര്‍ച്ചയിലാണ് ഇക്കാര്യം അഭിപ്രായപ്പെട്ടത്.
യുക്രെയ്‌നിലെ റഷ്യന്‍ കടന്നുകയറ്റത്തോടെ 20,000 ത്തിലധികം ആളുകളെയാണ് ഒഴിപ്പിക്കേണ്ടതായി വന്നത്. പോളണ്ട്, റോമാനിയ, സ്ലോവാക്യ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നും ജനങ്ങളെ ഒഴിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ഓപ്പറേഷന്‍ ഗംഗ പദ്ധതിയ്‌ക്കായി.