‘സുരക്ഷിത ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തെ പ്രധാന നഗരങ്ങളില്‍ ക്ലീന്‍ സ്ട്രീറ്റ് ഫുഡ് ഹബ്ബ് യാഥാര്‍ത്ഥ്യമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. പ്രധാന നഗരങ്ങള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, ബീച്ചുകള്‍ തുടങ്ങി ആള്‍ക്കാര്‍ കൂടുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ക്ലസ്റ്ററുകളായി തിരിച്ചാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് ക്ലീന്‍ സ്ട്രീറ്റ് ഫുഡ് ഹബ്ബ് നടപ്പിലാക്കുന്നത്. ആദ്യഘട്ടമായി കോഴിക്കോട്, കാസര്‍ഗോഡ്, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നിവിടങ്ങളിലെ പ്രധാന സ്ഥലങ്ങളെയാണ് ക്ലീന്‍ സ്ട്രീറ്റ് ഫുഡ് ഹബ്ബ് നടപ്പിലാക്കാന്‍ തെരഞ്ഞെടുത്തത്. കാസര്‍ഗോഡ് ജില്ലയില്‍ ക്ലീന്‍ സ്ട്രീറ്റ് ഫുഡ് ഹബ്ബ് ഫൈനല്‍ ഓഡിറ്റ് നടത്തിയിരുന്നു. തളങ്കര ഹാര്‍ബര്‍ മലബാര്‍ വാര്‍ട്ടര്‍ സ്‌പോര്‍ട്‌സ് സ്ട്രീറ്റ് ഫുഡിലാണ് ഇത് നടപ്പിലാക്കിയത്. ഇത് സര്‍ട്ടിഫിക്കേഷനായി കാത്തിരിക്കുകയാണ്. ഇതിലൂടെ വഴിയോര ഭക്ഷണങ്ങള്‍ സുരക്ഷിതമാക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
തട്ടുകടകള്‍, ചെറിയ ഭക്ഷണ ശാലകള്‍ എന്നിവയാണ് ക്ലീന്‍ സ്ട്രീറ്റ് ഫുഡ് ഹബ്ബ് പരിധിയില്‍ വരുന്നത്. 20 മുതല്‍ 50 വരെ ചെറുകടകളുള്ള സ്ഥലങ്ങള്‍ കണക്കാക്കിയാണ് ക്ലസ്റ്ററായി തിരിക്കുന്നത്. ഇവടങ്ങളിലെ കടകളില്‍ വൃത്തിയും ശുചിത്വവുമുള്ള ഭക്ഷണം ഉറപ്പാക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇവര്‍ക്ക് മതിയായ പരിശീലനവും സര്‍ട്ടിഫിക്കേഷനും നല്‍കുന്നതാണ്.