പ്രശസ്ത കന്നഡ ചലച്ചിത്ര താരം ബി.എസ് അവിനാഷിന്റെ കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചു. കെ.ജി.എഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് അവിനാഷ്. അപകടത്തിൽ നിന്ന് അത്ഭുതകരമായി നടൻ രക്ഷപ്പെട്ടു. ബംഗളൂരുവില്‍ വച്ചാണ് അവിനാഷ് സഞ്ചരിച്ച മെഴ്‌സിഡസ് ബെന്‍സ് ട്രക്കുമായി കൂട്ടിയിടിച്ചത്. കഴിഞ്ഞ ദിവസം രാവിലെ ആറു മണിയോടെയായിരുന്നു അപകടം. ജിമ്മിലേക്ക് പോകുകയായിരുന്ന നടന്റെ കാർ അനില്‍ കുംബ്ലെ സര്‍ക്കിളില്‍ വച്ച് അപകടത്തിൽപ്പെടുകയായിരുന്നു. പ്രഭാതസവാരിക്ക് എത്തിയവരാണ് താരത്തെ കാറില്‍നിന്ന് പുറത്തെത്തിച്ചത്. ട്രക്ക് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. തനിക്ക് പരിക്കൊന്നുമില്ലെന്നും കാറിന്റെ ബോണറ്റിന് ചെറിയ കേടുപാടുകള്‍ പറ്റിയെന്നും അവിനാഷ് പിന്നീട് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.