കൊച്ചി: ട്രെയിനിൽ 16 കാരിക്കും അച്ഛനു നേരെ ഉണ്ടായ അതിക്രമത്തിൽ രണ്ടുപേർ പൊലീസ് കസ്റ്റഡിയിൽ. ചാലക്കുടി സ്വദേശികളായ സിജോ, ജോയ് എന്നിവരെയാണ് എറണാകുളം റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവർ ഒളിവിലായിരുന്നു. ഇവര്‍ കേസിലെ ഒന്നും മൂന്നൂം പ്രതികളാണെന്ന് പോലീസ് പറഞ്ഞു.
ശനിയാഴ്ച രാത്രി എറണാകുളത്ത് നിന്ന് വരുകയായിരുന്ന ഗുരുവായൂർ എക്സ്പ്രസ്സിൽ വെച്ചാണ് തൃശൂർ സ്വദേശികൾക്ക് നേരെ അതിക്രമമുണ്ടായത്. 50 വയസ്സിന് മുകളിൽ പ്രായമുള്ള ആറ് പേർ കുട്ടിയെ സ്പർശിക്കാൻ ശ്രമിക്കുകയും അശ്ലീലം പറയുകയും ചെയ്തുവെന്നാണ് പരാതി. പിതാവ് പ്രതികരിച്ചതോടെ ഇവര്‍ ഭീഷണിപ്പെടുത്തി. അതിക്രമത്തിനെതിരേ പ്രതികരിച്ച മലപ്പുറം സ്വദേശിയായ യുവാവിനെയും പ്രതികള്‍ മര്‍ദിച്ചു.
നോർത്തിൽ നിന്ന് ട്രെയിൻ വിട്ട ഉടൻ തന്നെ ശല്യം തുടങ്ങി. ഇടപ്പള്ളിയിൽ വെച്ച് പൊലീസിനെ വിളിക്കാൻ റെയിൽവേ ഗാർഡിനോട് ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ലെന്നും ഇവർ ആരോപണമുയർത്തിയിരുന്നു. സംഭവത്തിൽ ആറുപേർക്കെതിരെ തൃശൂർ റെയിൽവേ പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.
സംഭവത്തില്‍ ഇടപ്പള്ളി സ്റ്റേഷനില്‍വെച്ച് ഗാര്‍ഡിനെ പരാതി അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നാണ് പിതാവിന്റെ ആരോപണം. ഇതിനിടെ, ഇരിങ്ങാലക്കുട വരെയുള്ള വിവിധ സ്റ്റേഷനുകളിലായി പ്രതികള്‍ ഇറങ്ങിപ്പോവുകയായിരുന്നു. പിന്നീട് തീവണ്ടി തൃശ്ശൂരില്‍ എത്തിയപ്പോളാണ് അച്ഛനും മകളും റെയില്‍വേ പോലീസില്‍ പരാതി നല്‍കിയത്.