തിരുവനന്തപുരം: പാലക്കാട്ട് പേവിഷബാധയേറ്റ് 19 വയസുകാരി മരിച്ച സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. സംഭവത്തില്‍ പാലക്കാട് ജില്ലാ സര്‍വയലന്‍സ് ഓഫീസറുടെ നേതൃത്വത്തില്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം രൂപീകരിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
മങ്കര സ്വദേശി ശ്രീലക്ഷ്മിയാണ് പേ വിഷബാധയേറ്റ് മരിച്ചത്. കഴിഞ്ഞ മാസം 30ന് രാവിലെ കോളേജിലേക്ക് പോകുന്ന വഴി അയല്പക്കത്തെ നായ പിന്നാലെയെത്തി ശ്രീലക്ഷ്മിയെ കടിക്കുകയായിരുന്നു.
രണ്ട് ദിവസം മുൻപ് പനി ബാധിച്ചതിനെ തുടർന്ന് നടത്തിയ ചികിത്സയിലാണ് പേവിഷ ബാധയുടെ ലക്ഷണങ്ങൾ കാണിച്ചത്. തൃശൂർ മെഡിക്കൽ കോളേജിൽ ചികിൽസയിലായുന്ന ശ്രീലക്ഷ്മി ഇന്ന് പുലർച്ചെ മരിക്കുകയായിരുന്നു. കോയമ്പത്തുർ സ്വകാര്യ കോളജിലെ ബിസിഎ ഒന്നാം വർഷ വിദ്യാർഥിനിയാണ് ശ്രീലക്ഷ്മി.