മഹാരാഷ്ട്രയുടെ പുതിയ മുഖ്യമന്ത്രിയാകാൻ ശിവസേന വിമത നേതാവ് ഏകനാഥ് ഷിന്‍ഡെ. ഇന്ന് വൈകിട്ട് 7.30ന് ആണ് സത്യപ്രതിജ്ഞ .ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് ആണ് ഇക്കാര്യം അറിയിച്ചത്. ഫഡ്നാവിസ് സർക്കാരിൻ്റെ ഭാഗമാകില്ല. ഇത് ഏകനാഥ് ഷിൻഡേയുടെ സർക്കാരാണെന്നായിരുന്നു ഫഡ്നാവിസിന്‍റെ പ്രഖ്യാപനം. മഹാരാഷ്ട്ര ഗവര്‍ണറെ കണ്ടതിന് ശേഷം ദേവേന്ദ്ര ഫഡ്നാവിസും ഏകനാഥ് ഷിന്‍ഡെയും വാര്‍ത്താസമ്മേളനം നടത്തിയാണ് തീരുമാനം അറിയിച്ചത്. രാജ്ഭവൻ ദർബാർ ഹാളിലാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും അമിത് ഷായുടേയും നദ്ദയുടേയും പിന്തുണയുള്ള സർക്കാരാണ് അധികാരത്തിൽ വരുന്നതെന്ന് ഏകനാഥ് ഷിൻഡേ പ്രതികരിച്ചു. മഹാരാഷ്ട്രയെ വികസനത്തിലേക്ക് നയിക്കുമെന്നും ഷിൻഡേ പറഞ്ഞു
മഹാവികാസ് അഘാഡിക്ക് പൊതുജനങ്ങള്‍ ഭൂരിപക്ഷം നല്‍കിയില്ലെന്ന് ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. തിരഞ്ഞെടുപ്പിന് ശേഷം ബിജെപിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ബിജെപി-ശിവസേന സഖ്യമായാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍ കോണ്‍ഗ്രസിന്റെയും എന്‍സിപിയുടെയും സഹായത്തോടെ ശിവസേന സര്‍ക്കാര്‍ രൂപീകരിച്ചു. ഈ സമയം ബാലാസാഹെബ് താക്കറെയുടെ ആദര്‍ശങ്ങളെ ഉദ്ധവ് താക്കറെ ബലികഴിച്ചെന്നും ഫഡ്നാവിസ് പറഞ്ഞു.