ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈർ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. പോലീസ് കസ്റ്റഡിയിൽ വിട്ട പട്യാല ഹൗസ് കോടതിയുടെ നടപടി ചോദ്യം ചെയ്താണ് ദില്ലി ഹൈക്കോടതിയിൽ മുഹമ്മദ് സുബൈര്‍ ഹർജി നൽകിയത്. ഹർജി നാളെ ഹൈക്കോടതി പരിഗണിക്കും.
1983 ലെ കിസി സേ ന കഹാ എന്ന ഹിന്ദി ചിത്രത്തിലെ ഒരു ദൃശ്യം പങ്കു വെച്ച് നടത്തിയ ട്വീറ്റിലാണ് മാധ്യമപ്രവര്‍ത്തകൻ മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തത്. മത വികാരം വ്രണപ്പെടുത്തല്‍, വിദ്വേഷം വളർത്തല്‍ തുടങ്ങിയ വകുപ്പുകള്‍ സുബൈറിനെതിരെ ചുമത്തിയിട്ടുണ്ട്. ഹനുമാന്‍ ഭക്ത് എന്ന വ്യക്തിവിവരങ്ങള്‍ ഇല്ലാത്ത ട്വിറ്റർ ഐഡി ഇക്കാര്യം ചൂണ്ടിക്കാട്ടി ദില്ലി പൊലീസിനെ ടാഗ് ചെയ്തതിൻറെ അടിസ്ഥാനത്തിലാണ് ദില്ലി പൊലീസ് സ്വയം കേസെടുത്തത്. 2021ൽ തുടങ്ങിയ ഈ ട്വിറ്റർ ഹാൻഡിലാണ് രണ്ടായിരത്തി പതിനെട്ടിലെ ട്വീറ്റ് ടാഗ് ചെയ്തിരിക്കുന്നത്.