സൈനിക ക്യാമ്പിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ദുരന്തം. മണിപ്പൂരിലെ ഇംഫാലിൽ നടന്ന മണ്ണിടിച്ചിലിൽ .ഇതുവരെ സൈനികർക്ക് ഉൾപ്പടെ ആറ് പേർക്ക് ജീവൻ നഷ്ടമായെന്നാണ് റിപ്പോർട്ടുകൾ. കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്.
മണിപ്പൂരിലെ നോനി ജില്ലയിൽ ബുധനാഴ്ച അർദ്ധരാത്രിയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഇവിടുത്തെ ടുപുൾ റെയിൽവേ സ്റ്റേഷന് സമീപം ഇന്ത്യൻ സൈന്യത്തിന്റെ 107 ടെറിട്ടോറിയൽ ആർമിയുടെ ക്യാമ്പ് സ്ഥിതി ചെയ്തിരുന്ന പ്രദേശത്താണ് മണ്ണിടിച്ചിലുണ്ടായത്. രണ്ട് ടെറിട്ടോറിയൽ ആർമി ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു.
55ഓളം പേർ മണ്ണിടിച്ചിലിൽ കുടുങ്ങിയതായാണ് വിവരം. ഇവരിൽ 13 പേരെ രക്ഷപെടുത്തിയിരുന്നു. രക്ഷപെടുത്തിയവരെ സമീപത്തെ സൈനിക ആശുപത്രിയിൽ എത്തിച്ചു. ഇവരുടെ ആരോഗ്യനില സംംബന്ധിച്ച വിവറങ്ങൾ പുറത്തുവന്നിട്ടില്ല.
പ്രദേശത്ത് പുരോഗമിക്കുന്ന റെയിൽപാതയുടെ നിർമ്മാണ പ്രവർത്തനത്തിനെത്തിയവരാണ് അപകടത്തിൽപ്പെട്ടവരിൽ ഏറെയും. ഇവർക്ക് സുരക്ഷയും സഹായവും ചെയ്യുന്നതിനാണ് സൈന്യം പ്രദേശത്ത് ക്യാമ്പ് ചെയ്തത്.
നിലവിൽ സൈന്യവും പ്രദേശവാസികളും അസം റൈഫിൾസും ചേർന്നാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. കാലാവസ്ഥ അനുകൂലമായാൽ ഹെലികോപ്ടർ ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്തുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്.