തിരുവനന്തപുരം: സ്വർണ്ണക്കടത്തും വീണാ വിജയൻ ഉൾപ്പെട്ട പിഡബ്ള്യുസി വിവാദവും കടുപ്പിക്കാൻ പ്രതിപക്ഷം ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. വിഷയം ചര്‍ച്ചയാക്കുന്നതിന് ആദ്യപടിയായി മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് പ്രതിപക്ഷം നോട്ടീസ് നൽകും. മുഖ്യമന്ത്രി നിയമസഭയിൽ കള്ളം പറഞ്ഞെന്നാണ് പ്രതിപക്ഷ വാദം. ക്ലിഫ് ഹൗസിൽ രഹസ്യചർച്ചകൾക്ക് പോയെന്ന് സ്വപ്ന സുരേഷിൻ്റെ ആരോപണത്തെ കുറിച്ച് അന്വേഷിക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെടുകയും ചെയ്തു.
മെൻ്റെര്‍ വിവാദത്തിൽ ആരാണ് പച്ചക്കള്ളം പറഞ്ഞതെന്ന ചർച്ച മുറുകുമ്പോഴാണ് മുഖ്യമന്ത്രിക്കെതിരായ പ്രതിപക്ഷനീക്കം. ജെയിക് ബാലകുമാർ മെൻ്ററാണെന്ന് വീണ വിജയൻ്റെ സ്ഥാപനമായ എക്സാലോജികിൻറെ വെബ് സൈറ്റിൽ നേരത്തെ ഉണ്ടായിരുന്ന വിവരം മാത്യു കുഴൽനാടൻ പുറത്തുവിട്ടതോടെ മുഖ്യമന്ത്രി സഭയിൽ പറഞ്ഞത് കള്ളമാണെന്നാണ് പ്രതിപക്ഷം ഉയർത്തുന്ന വാദം.