പത്തനംതിട്ട: ഫെയ്സ്ബുക്കിലെ ഫ്രണ്ട് റിക്വസ്റ്റ് നിരസിച്ചതിന്റെ പേരില്‍ യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ മൊബൈൽ ഫോണില്‍ പകര്‍ത്തിയ കേസില്‍ രണ്ടു യുവാക്കള്‍ പിടിയില്‍. കോയിപ്രം പുറമറ്റം പടുതോട് താഴത്തെപ്പടവില്‍ ശരത് എസ്. പിള്ള (19), പടുതോട് പാനാലിക്കുഴിയില്‍ വിശാഖ് എന്ന സേതു നായര്‍ (23) എന്നിവരാണ് പിടിയിലായത്.
ഫേസ്ബുക്കിൽ സുഹൃത്താവാൻ അയച്ച അപേക്ഷ നിരസിച്ചതിന്റെ പേരിൽ യുവതിയുടെ നഗ്നദൃശ്യങ്ങൾ പകർത്താൻ രണ്ടാം പ്രതി വിശാഖ് ഒന്നാം പ്രതി ശരത്തിനോട് ആവശ്യപ്പെട്ടതിനെത്തുടർന്ന് ഞായറാഴ്ച രാത്രി എട്ടുമണിയോടെ യുവതിയും മകളും മാത്രം താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചു കയറി കുളിമുറിയുടെ വെന്റിലേഷനിലൂടെ നഗ്നദൃശ്യങ്ങൾ ശരത് സ്വന്തം മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു.
മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് യുവതി കണ്ടുവെന്ന് മനസ്സിലാക്കിയിട്ടും ശരത് വീട്ടിലെത്തി സുഹൃത്തിന് അയച്ചുകൊടുക്കുകയായിരുന്നു. പിറ്റേന്ന്, യുവതി സ്റ്റേഷനില്‍ ഹാജരായി മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ റജിസ്റ്റര്‍ ചെയ്ത കേസില്‍ അന്നുതന്നെ ഇരുവരെയും പൊലീസ് പടുതോട് നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരുടെ മൊബൈല്‍ ഫോണുകളും അന്വേഷണസംഘം പിടിച്ചെടുത്തു. ഒന്നാം പ്രതിയുടെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിലാണ് സേതു നായരെ പിടികൂടിയത്. ഇയാള്‍ പറഞ്ഞിട്ടാണ് ഇപ്രകാരം ചെയ്തതെന്ന് ശരത് എസ് പിള്ള പൊലീസിന് മൊഴിനല്‍കി.
വിശദമായി ചോദ്യം ചെയ്തപ്പോഴാണ്, ഫേസ്ബുക്കിൽ ഫ്രണ്ട് റിക്വസ്റ്റ് അയച്ചത് നിരസിച്ചതിലുള്ള വിരോധം നിമിത്തം ശരത്തിനെക്കൊണ്ട് ഇപ്രകാരം ചെയ്യിക്കുകയാണെന്ന് വെളിപ്പെടുത്തിയത്. സംഭവം പോലീസ് അറിഞ്ഞെന്നു മനസിലായപ്പോൾ ഇയാൾ ശരത്തിനെ ഫോൺ കോൺടാക്ട് ലിസ്റ്റിൽ നിന്നും ഒഴിവാക്കുകയും ചെയ്തു.
ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം, പ്രതികളുടെ ഫോണുകൾ, കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി തിരുവനന്തപുരം ഫോറൻസിക് ലബോറട്ടറിയിൽ പരിശോധനക്കയച്ചു.