കൊച്ചി: ചാനല്‍ ചർച്ചക്കിടെ ബയോ വെപ്പൺ പരാമർശം നടത്തിയതിന്റെ പേരിൽ സിനിമ പ്രവർത്തക ഐഷ സുൽത്താനക്കെതിരെയുള്ള കേസിലെ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. ലക്ഷദ്വീപ് അന്ത്രോത്ത് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലുള്ള കേസിലെ നടപടികളാണ് ജസ്റ്റിസ് എ.എ. സിയാദ് റഹ്‌മാൻ നാല് മാസത്തേക്ക് സ്റ്റേ ചെയ്തത്.
കേസിൽ നാളെ ഹാജരാകാൻ ആന്ത്രോത്ത് കോടതി ഇവർക്ക് സമൻസയച്ചിരുന്നു. ഇതിനെതിരെ ഐഷ സുൽത്താന ഫയൽ ചെയ്ത ഹരജിയിലാണ് കോടതിയുടെ നടപടി.
രാജ്യദ്രോഹക്കേസിലെ തുടർ നടപടികൾ സുപ്രിംകോടതി മരവിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. എതിർ കക്ഷികൾക്ക് നോട്ടീസ് നൽകാനും നിർദ്ദേശിച്ചിട്ടുണ്ട്.