ന്യൂഡൽഹി: മഹാരാഷ്ട്രയിൽ വിശ്വാസവോട്ടെടുപ്പ് നാളെ നടത്തണമെന്ന് സുപ്രീം കോടതി ഉത്തരവ്. വോട്ടെടുപ്പ് മാറ്റുന്നതുമായി ബന്ധപ്പെട്ട് ഉദ്ധവ് താക്കറെ സമർപ്പിച്ച ഹർജി കോടതി തള്ളി. ഇതോടെ മഹാ വികാസ് അഘാഡി സർക്കാർ നാളെ നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കണം. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ.ബി.പര്‍ദിവാല എന്നിവരുടെ അവധിക്കാല ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
വ്യാഴാഴ്ച വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിയുടെ നിര്‍ദേശം സ്‌റ്റേ ചെയ്യാന്‍ സുപ്രീംകോടതി തയ്യാറായില്ല. ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്തുകൊണ്ട് ശിവസേന നല്‍കിയ ഹര്‍ജി കോടതി നോട്ടീസ് അയക്കുകയും ചെയ്തു. ഇത് വിശ്വാസ വോട്ടെടുപ്പിനെ ബാധിക്കില്ല.
രണ്ട് കേസുകളാണ് നിലവില്‍ കോടതിയിലുള്ളത്. ഒന്ന് വിശ്വാസ വോട്ടെടുപ്പിനെതിരെയുള്ള കേസാണ്. എംഎല്‍എമാരുടെ അയോഗ്യത സംബന്ധിച്ച കേസാണ് രണ്ടാമത്തേത്. നാളത്തെ വിശ്വാസ വോട്ടെടുപ്പിന്‍റെ ഫലം എന്തു തന്നെയായാലും അന്തിമതീരുമാനം കേസുകളിലെ വിധിക്കനുസരിച്ചായിരിക്കും എന്നാണ് കോടതി ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.
മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിങ്‌വിയാണ് ശിവസേന ഔദ്യോഗിക വിഭാഗത്തിനായി ഹാജരായത്. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത മഹാരാഷ്ട്ര ഗവര്‍ണര്‍ക്കും മുതിര്‍ന്ന അഭിഭാഷകന്‍ നീരജ് കിഷന്‍ കൗള്‍ വിമതശിവസേന നേതാവ് ഏക്‌നാഥ് ഷിന്ദേയ്ക്കും വേണ്ടി ഹാജരായി.