കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കോടതിയുടെ കസ്റ്റഡിയിലുള്ള മെമ്മറി കാര്‍ഡ് ആരോ പരിശോധിച്ചെന്ന പേരില്‍ അന്വേഷണം ആവശ്യപ്പെടാന്‍ പ്രോസിക്യൂഷനു കഴിയില്ലെന്ന് ഹൈക്കോടതി. ഹാഷ് വാല്യൂവില്‍ മാറ്റമുണ്ടായതിനാല്‍ മെമ്മറി കാര്‍ഡ് ഫോറന്‍സിക് പരിശോധനയ്ക്കു വിടണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്കിയ ഹര്‍ജിയില്‍ ജസ്റ്റീസ് ബെച്ചുകുര്യന്‍ തോമസാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
കാര്‍ഡിന്റെ ഉത്തരവാദിത്വം കോടതിക്കാണ്. കാര്‍ഡ് പരിശോധിച്ചിട്ടുണ്ടോയെന്ന കാര്യത്തില്‍ വിദഗ്ധാഭിപ്രായം തേടുന്നതെന്തിനാണെന്നും സിംഗിള്‍ബെഞ്ച് ചോദിച്ചു. ഹാഷ്വാല്യു മാറിയതില്‍ ആരെയും കുറ്റപ്പെടുത്താനില്ലെന്നും സര്‍ക്കാരിനു വേണ്ടി ഹാജരായ പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറല്‍ ടി.എ. ഷാജി വിശദീകരിച്ചു.
മെമ്മറി കാര്‍ഡ് ഫോറന്‍സിക് പരിശോധനയ്ക്ക് വിടണമെന്നാവശ്യപ്പെടുന്നത് എന്തിനാണെന്നു വ്യക്തമാക്കുന്ന റിപ്പോര്‍ട്ടും ഹൈക്കോടതിക്കു കൈമാറി. മെമ്മറി കാര്‍ഡിന്റെ ഹാഷ്വാല്യൂ മാറിയിട്ടുണ്ടെങ്കിലും അതിലെ ഫയലുകളുടെ ഹാഷ്വാല്യൂ മാറിയിട്ടില്ലെന്ന് കോടതി വ്യക്തമാക്കി.