ഓസ്‌കാർ സംഘാടകരുടെ അംഗത്വ സമിതിയിലേക്ക് സൗത്ത് ഇന്ത്യയിൽ നിന്നും ക്ഷണം ലഭിക്കുന്ന ആദ്യ തമിഴ് നടനായി സൂര്യ.ഓസ്കർ അക്കാദമിയിൽ അംഗമാകുന്നതോടെ സൂര്യ ലോസ് ആഞ്ചൽസിൽ വർഷം തോറും നടക്കുന്ന ഓസ്‌കാർ അവാർഡുകൾക്ക് വോട്ടുചെയ്യാൻ അർഹത ലഭിക്കും.
അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്‌സ് ആൻഡ് സയൻസസ് 397 കലാകാരന്മാരെയും എക്‌സിക്യൂട്ടീവുകളെയും 2022 ക്ലാസിലേക്ക് ക്ഷണിച്ചിട്ടുണ്ട്. റിന്റു തോമസ്, റൈറ്റിങ് വിത്ത് ഫയർ എന്ന ഡോക്യുമെന്ററിയിൽ നിന്നും ബോളിവുഡ് താരം കജോൾ, സംവിധായകരായ സുഷ്മിത് ഘോഷ്,റിന്റു തോമസ് (റൈറ്റിങ് വിത്ത് ഫയർ ഫെയിം), എഴുത്തുകാരിയും ചലച്ചിത്ര നിർമാതാവുമായ റീമ കഗ്തി എന്നിവരെയും അക്കാദമിയിൽ അംഗമാകാൻ ക്ഷണിച്ചിട്ടുണ്ട്.
ഈ വർഷത്തെ അക്കാദമി അവാർഡിൽ മികച്ച ഡോക്യുമെന്ററി ഫീച്ചർ വിഭാഗത്തിൽ മത്സരിച്ച റൈറ്റിങ് വിത്ത് ഫയറാണ് മലയാളിയായ റിന്റു തോമസിനേയും സുഷ്മിത് ഘോഷിനേയും ഈ ബഹുമതിക്ക് അർഹരാക്കിയത്. ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്ത സൂര്യയുടെ ജയ് ഭീം , സൂരരൈ പ്രോട് തുടങ്ങിയ സിനിമകളും രാജ്യാന്തര പ്രശസ്തി നേടിയിരുന്നു. തലാഷ്, ഗല്ലി ബോയ്, ഗോൾഡ് തുടങ്ങിയ ഹിന്ദി ചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ് റീമ കഗ്തി.2022 ലെ ക്ലാസിൽ 71 ഓസ്‌കാർ നോമിനികളും 15 ജേതാക്കളും ഉൾപ്പെടും.
2022–ലെ അംഗത്വ തെരഞ്ഞെടുപ്പിൽ 44% സ്ത്രീകൾക്ക് മുൻഗണനയുണ്ട്. വംശീയത നേരിടുന്ന വിഭാഗങ്ങൾക്ക് 37% പ്രാതിനിധ്യമുള്ള ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ 50% പേർ അമേരിക്കയ്ക്കു പുറത്തുള്ള 53 രാജ്യങ്ങളിൽ നിന്നുമുള്ളവരാണെന്നും അക്കാദമിയുടെ പ്രസ്താവനയിൽ പറയുന്നു.
ഇന്ത്യൻ ചലച്ചിത്ര മേഖലയിൽ നിന്ന് ഓസ്‌കർ ജേതാവ് എ.ആർ. റഹ്മാൻ, അമിതാഭ് ബച്ചൻ, സൂപ്പർതാരങ്ങളായ ഷാരൂഖ് ഖാൻ, വിദ്യാ ബാലൻ, ആമിർ ഖാൻ, സൽമാൻ ഖാൻ, അലി അഫ്‌സൽ എന്നിവരും നിർമാതാക്കളായ ആദിത്യ ചോപ്ര, ഗുനീത് മോംഗ, ഏക്താ കപൂർ, ശോഭ കപൂർ എന്നിവരും മുൻപേ തന്നെ അക്കാദമിയിലെ അംഗങ്ങളാണ്.