ചെയ്യുന്ന ഓരോ ഫോട്ടോഷൂട്ടും മുമ്പുള്ളതിനേക്കാൾ ഒന്നിനൊന്നു മികച്ചത്,എങ്ങെനെയൊക്കെ ഫോട്ടോഷൂട്ടിൽ വ്യത്യസ്തമായ ആശയം അവതരിപ്പിക്കാം എന്ന് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുകയാണ് നമ്മുടെ മഹാദേവൻ തമ്പി.ഒരു പക്ഷെ ആശയമികവിനുമപ്പുറം ആരും ശ്രദ്ധിക്കപെടാത്ത പോയ പല മനുഷ്യരുടെയും ചെറിയ സ്വപ്നങ്ങൾ തന്നിലൂടെ ചിറകുവിരിക്കട്ടെ എന്ന് മഹാദേവൻ തമ്പി പ്രതിജ്ഞ എടുത്ത പോലെ തോന്നും അദ്ദേഹത്തിന്റെ ഫോട്ടോഷൂട്ടുകൾ കാണുമ്പോൾ.വ്യത്യസ്തമായി മോഡലുകളെ തെരഞ്ഞെടുക്കുന്നത് പോട്ടെ എന്ന് വിചാരിക്കാം, ആ മോഡലുകളുടെ ദീർഘ നാളായുള്ള ആഗ്രഹങ്ങൾ സർപ്രൈസ് ആയി സാധിച്ചു കൊടുക്കുക എന്നൊക്കെ പറയുന്നത് കഴിവ് ഒന്നുമല്ല, അതിനു മനുഷ്യസ്നേഹം എന്ന ഒന്ന് തന്നെ വേണം.അവിടെയാണ് മഹാദേവൻ തമ്പി വ്യത്യസ്തനാകുന്നത്.
ഇനി കാര്യത്തിലേക്ക് വരാം, ഇത്തവണ മഹാദേവൻ തമ്പിയിലെ ക്യാമറാമാന്റെ കണ്ണുകൾ ഉടക്കിയത് ബിപിൻ എന്ന ഒരു ചെറുപ്പക്കാരനിൽ ആണ്. ജന്മനാ കാലിന് സ്വാധീനമില്ലാത്ത ബിപിന് മഹാദേവൻ തമ്പി മേക്ഓവർ ഫോട്ടോഷൂട് നടത്തിയത് തനിക്ക് ടാറ്റു ചെയ്ത ബിപിനുമായുള്ള ബന്ധമെന്ന് പറയുമെങ്കിലും ബിപിന്റെ ഇഷ്ടതാരത്തെ വിളിച്ചു വരുത്തി ഇരുവരെയും ഒരുമിച്ചു കൊണ്ടുള്ള ഫോട്ടോഷൂട് നടത്തിയത് എന്തിന്റെ അടിസ്ഥാനത്തിലാണ് .ഇതിനെയാണ് മനുഷ്യ സ്നേഹം എന്നൊക്കെ പറയുന്നത്.
ടാറ്റൂ ആർട്ടിസ്റ്റ് കൂടിയായ ബിപിന്റെ ഫോട്ടോ ഷൂട്ട് സർപ്രൈസുകളുടെ കഥ തന്നെയായിരുന്നു. ലൊക്കേഷനിൽ തന്നെ നടന്മാരായ നാദിർഷായുടെയും ബിനു അടിമാലിയുടെയും സാന്നിധ്യം, കൂടാതെ ബിഗ്‌ബോസ് മലയാളത്തിന്റെ സീസൺ 4 സ്ഥിരം പ്രേഷകനായ ബിപിന്റെ പ്രിയപ്പെട്ട മത്സരാർത്ഥി ഡോ. റോബിൻ രാധാകൃഷ്ണൻ ലൊക്കേഷനിൽ എത്തിയതും തുടർന്ന് ഇരുവരും ഒന്നിച്ചുള്ള ഫോട്ടോഷൂട്ടും എല്ലാം സർപ്രൈസുകളായിരുന്നു.
ഡോ റോബിന്റെ ഫോട്ടോഷൂട്ടിനായി മഹാദേവൻ തമ്പി സമീപിച്ചപ്പോഴാണ് ബിപിന്റെ കാര്യം മഹാദേവൻ തമ്പിയിൽ നിന്ന് റോബിൻ അറിയുന്നത്. എന്നാൽ പിന്നെ, ബിപിന്റെ ആ ഫോട്ടോഷൂട്ടിൽ താൻ കൂടി പങ്കാളിയാകാം എന്ന് റോബിൻ പറഞ്ഞത് റോബിന്റെ നല്ല മനസ് തന്നെയാണ് എന്ന് എടുത്തു പറയേണ്ടതില്ലല്ലോ .ആഹ്ളാദിപ്പാൻ പിന്നെ എന്താ വേണ്ടേ, റോബിന്റെ ആരാധകൻ കൂടിയല്ലേ ബിപിൻ. ഇതിലും നല്ലൊരു സർപ്രൈസ് ബിപിന് നല്കാനില്ല എന്ന് തമ്പിയും തീരുമാനിച്ചു.തുടർന്ന് ബിപിനും റോബിനും ഒരുമിച്ചുള്ള ഫോട്ടോഷൂട് കൂടിയായപ്പോൾ സംഭവം കളർ ആയി.
എല്ലാ സർപ്രൈസും ബിപിന്റെ സന്തോഷത്തിനു വേണ്ടി മഹാദേവൻ തമ്പി നൽകിയത്. ‘നടക്കില്ല എന്ന് കരുതിയ സ്വപ്നങ്ങൾ ‘നടക്കും’എന്ന് ബിപിനെ പോലുള്ള ചെറുപ്പക്കാർക്ക് കാണിച്ചു കൊടുക്കാൻ മഹാദേവൻ തമ്പിക്ക് കഴിഞ്ഞു.കൂടാതെ ബിപിന് ഈ സർപ്രൈസ് നൽകാൻ പിന്തുണയുമായി ഇറങ്ങിപ്പുറപ്പെട്ട ഡോ റോബിന്റെയും ടീം മഹാദേവൻ തമ്പിയുടെയും പ്രയ്തനം ഫലം കണ്ടു. എല്ലാവരും ഹാപ്പി,ബിപിൻ ഡബിൾ ഹാപ്പി.
ബിപിനും ഡോ റോബിനും മനോഹരവും സ്റ്റൈലിഷായ വസ്ത്രങ്ങൾക്ക് നൽകിയിരിക്കുന്നത് പോത്തീസ് വെഡിങ് സെന്റർ ആണ്. ഇരുവരുടെയും മേക്കപ്പ് ചെയ്തിരിക്കുന്നത് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് കൂടിയായ നാരയണസ്വാമിയാണ്.റിച്ചു ബി റിസ്വാൻ ആണ് ഇരുവരുടെയും സ്റ്റൈലിന് പിന്നിൽ.സിയോൺ ആണ് എഡിറ്റിംഗ്.