സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വിവാദ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയോട് 3 ചോദ്യങ്ങളുമായി വി.ടി. ബൽറാമിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. പ്രതിപക്ഷവും ജനങ്ങളും ചോദിക്കുന്ന ചോദ്യങ്ങളാണിത് എന്ന വ്യാഖ്യാനത്തോടെയാണ് അദ്ദേഹം പോസ്റ്റിട്ടിരിക്കുന്നത്. ” പ്രതിപക്ഷവും ചോദിക്കുന്നുണ്ട്, ജനങ്ങളും ചോദിക്കുന്നുണ്ട് ഈ ചോദ്യങ്ങളൊക്കെ. എന്നാൽ ഉത്തരം നൽകേണ്ടത് നാടു ഭരിക്കുന്നവരല്ലേ?. അവരെന്തുകൊണ്ടാണ് കൃത്യമായി അന്വേഷണം നടത്തി ഇക്കാര്യങ്ങളിലുള്ള സംശയങ്ങൾ ദുരീകരിക്കുന്നില്ല? എന്ന് ബൽറാം ചോദിക്കുന്നു. കേരളത്തിലേക്ക് ആർക്ക് വേണ്ടി സ്വർണ്ണം കടത്തിയാലും അതന്വേഷിക്കാൻ കേരള പോലീസിനും ബാധ്യതയില്ലേ? കേരളത്തിന്റെ സമ്പദ്ഘടനയെ ദോഷകരമായി ബാധിക്കുന്ന ഒരു കുറ്റകൃത്യ പരമ്പരയേക്കുറിച്ച് കേന്ദ്ര ഏജൻസികൾ വിട്ടു കളയുന്ന കാര്യങ്ങൾ കേരള പോലീസിന് അന്വേഷിച്ച് കണ്ടെത്താമല്ലോ. അങ്ങനെയൊരന്വേഷണം കേരള പോലീസ് ഇതുവരെ നടത്തിയിട്ടുണ്ടോ? ഇല്ലെങ്കിൽ അതിന്റെ ഉത്തരവാദിത്തം ആഭ്യന്തര വകുപ്പ് മന്ത്രിയായ പിണറായി വിജയനാണോ അതോ പ്രതിപക്ഷത്തിനാണോ?
സ്വപ്നക്ക് ജോലി നൽകിയ സംഘ് പരിവാർ ഏജൻസിയേക്കുറിച്ചും അവരുടെ കേരളത്തിലെ പ്രവർത്തനങ്ങളേക്കുറിച്ചും അന്വേഷിക്കാൻ പിണറായി വിജയൻ ആരെയാണ് ഭയക്കുന്നത്? സ്വപ്‌നക്ക് ഇപ്പോൾ 40000 രൂപ ശമ്പളത്തിൽ ജോലി നൽകിയവരേക്കുറിച്ച് മാത്രമല്ല, നേരത്തെ ഒന്നര ലക്ഷം രൂപ ശമ്പളത്തിൽ സർക്കാർ സ്ഥാപനത്തിൽ ജോലി നൽകിയവരേക്കുറിച്ചും അന്വേഷിക്കേണ്ടതല്ലേ?
സ്വപ്നക്ക് ഇപ്പോൾ ആരാണ് സുരക്ഷ നൽകുന്നതെന്ന് പോലീസ്, ഇന്റലിജൻസ് സംവിധാനങ്ങൾക്ക് അറിയാൻ സാധിക്കേണ്ടതല്ലേ? അതിൽ എന്തെങ്കിലും ദുരൂഹതയുണ്ടെങ്കിൽ അത് തുറന്നു പറയാൻ പിണറായി വിജയൻ മടിക്കുന്നതെന്തിനാണ്? അതീവ പ്രാധാന്യമുള്ള ഒരു കേസിലെ പ്രധാന പ്രതി എന്ന നിലയിൽ സ്വപ്നയുടെ സുരക്ഷ ഉറപ്പുവരുത്താൻ സർക്കാർ തന്നെയല്ലേ മുൻകൈ എടുക്കേണ്ടത്? തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി സ്വപ്നയെ ആരെങ്കിലും അപായപ്പെടുത്താൻ തുനിഞ്ഞാൽ അതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് സർക്കാറിന് ഒഴിഞ്ഞുമാറാൻ കഴിയുമോ?” – വി.ടി. ബൽറാം ഫെയ്സ്ബുക്കിൽ കുറിച്ചു.