സംസ്ഥാനത്ത് അത്യാധുനിക ടി-ഹബ്ബ് നാടിന് സമർപ്പിച്ച് തെലങ്കാന. ബിസിനസും നവീകരണവും വർദ്ധിപ്പിക്കുന്നതിനായി രാജ്യത്തെ ഏറ്റവും വിശാലമായതും നൂതന സംവിധാനങ്ങളുമടങ്ങുന്ന ടെക്നോളജി ഹബ്ബാണിത്. ഹൈദരാബാദിലെ ടി-ഹബ്ബിന്റെ വിപൂലീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവാണ് നിർവ്വഹിച്ചത്.
10 നിലയിൽ പണിതിരിക്കുന്ന ഹബ്ബിന് 3,70,000 ചതുരശ്ര അടിയാണ് സൗകര്യമുള്ളത്. 2000 സ്റ്റാർട്ടപ്പുകളാണ് ഇവിടെ പ്രവർത്തനം ആരംഭിക്കാൻ പോകുന്നത്. ഒരു കൊറിയൻ കമ്പനിയാണ് കെട്ടിടം രൂപകൽപ്പന ചെയ്തിരിക്കുന്നത്. രാജ്യത്തെ ഐടി മേഖലയിൽ നിലവിലുള്ള വ്യവസായ ഹബ്ബുകളിലെ ഏറ്റവും വിശാലമായ കെട്ടിട സമുച്ചയമാണ് പണിതിരിക്കുന്നത്. 400 കോടി രൂപ ചിലവിലാണ് പൂർത്തിയായത്.
ഇന്ത്യയിലെ വിവരസാങ്കേതിക മേഖലയിലെ വമ്പന്മാരായ 25 യൂണികോൺ കമ്പനികളും 30 മറ്റ് വ്യവസായ ശാലകളുടെ പ്രമുഖരും ഉദ്ഘാടന ചടങ്ങിനെത്തി. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വിവിധ പരിപാടികളുടെ ഇടപെടലുകളിലൂടെ കുറഞ്ഞത് 20,000 സ്റ്റാർട്ടപ്പുകളെയെങ്കിലും സ്വാധീനിക്കുകയാണ് ലക്ഷ്യം. രാജ്യത്തെ ഏറ്റവും വലിയ ഇന്നൊവേഷൻ ക്യാമ്പസായി മാറാനുള്ള തയ്യാറെടുപ്പിലാണ് ഈ ടി-ഹബ്ബ്. ടി-ഹബ്ബിനെ ലോകോത്തര നിലവാരത്തിലേയ്ക്ക് ഉയർത്താനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ.