സുരേഷ് ഗോപിയെനായകനാക്കി സംവിധാനം ചെയ്ത ഹൈവേ എന്ന ചിത്രത്തിന് ജയാരാജ് രണ്ടാം ഭാഗം പ്രഖ്യാപിച്ചു. ഹൈവേ 2 എന്നാണ് രണ്ടാം ഭാഗത്തിന്റെ പേര്. ആക്ഷൻ ക്രൈം ത്രില്ലർ വിഭാഗത്തിൽപ്പെട്ട ചിത്രമായിരുന്നു ഹൈവേ. മിസ്റ്ററി ആക്ഷൻ ത്രില്ലർ ചിത്രമായിരിക്കും ഹൈവേ 2. സുരേഷ് ഗോപിയുടെ കരിയറിലെ 254-ാം ചിത്രം ലീമ ജോസഫ് ആണ് നിർമ്മിക്കുന്നത്. ചിത്രീകരണം ഉടൻ ആരംഭിക്കും. മറ്റു താരങ്ങളെ ഉടൻ തീരുമാനിക്കും. 1995 ൽ ജയരാജ് സംവിധാനം ചെയ്ത ഹൈവേയിൽ ഭാനുപ്രിയ, വിജയരാഘവൻ, ബിജുമേനോൻ, ജനാർദ്ദനൻ, സുകുമാരി, സിൽക്ക് സ്മിത എന്നിവയായിരുന്നു മറ്റു താരങ്ങൾ. സാബ് ജോൺ ആണ് രചന നിർവഹിച്ചത്. അതേസമയം സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി രാഹുൽ രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ സുരേഷ് ഗോപിയുടെ പിറന്നാളിനോടനുബന്ധിച്ച് പുറത്തുവിട്ടു. ഇതുവരെ കാണാത്ത മേക്കോവറിലാണ് സുരേഷ് ഗോപി. കൃതാവ് വളർത്തി മീശയോട് ചേർത്ത രീതിയിലാണ് കഥാപാത്രത്തിന്റെ രൂപം.എതിറിയൽ എന്റർടെയ്ൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് സമീൻ സലിം ആണ്. സുരേഷ് ഗോപിയുടെ 251-ാമത്തെ ചിത്രമാണിത്.