ബോക്‌സോഫീസിൽ ഓരോ ദിവസവും പുത്തൻ നാഴികക്കല്ലുകൾ പിന്നിട്ടുകൊണ്ട് കുതിക്കുകയാണ് കമലഹാസൻ നായകനായെത്തിയ വിക്രം. മാനഗരം, കൈതി, മാസ്റ്റർ എന്നിവയ്ക്ക് ശേഷം ലോകേഷ് കനകരാജ് ഒരുക്കിയ ചിത്രം വലിയ വിജയമായി മാറിക്കഴിഞ്ഞു.ഒട്ടുമിക്ക ബോക്‌സോഫീസ് റെക്കോഡുകളും വിക്രം തകർത്തിട്ടുണ്ട്.കമലിനെക്കൂടാതെ ഫഹദ് ഫാസിൽ, വിജയ് സേതുപതി, സൂര്യ, ചെമ്പൻ വിനോദ്, കാളിദാസ് ജയറാം, നരേൻ, ഗായത്രി ശങ്കർ, അർജുൻ ദാസ്, ഹരീഷ് പേരടി എന്നിവരും ചിത്രത്തിൽ എത്തുന്നുണ്ട്. ഇപ്പോഴിതാ റിലീസ് ചെയ്‌ത് 25 ദിവസം ആകുന്നതിന് മുൻപ് തന്നെ 400 കോടി ക്ലബിൽ കയറിയിരിക്കുകയാണ് വിക്രം. അടുത്ത രണ്ടാഴ്‌ചയ്‌ക്കുള്ളിൽ തമിഴ്‌നാട്ടിൽ പരമാവധി സ്‌ക്രീനുകളിൽ ചിത്രം പ്രദർശിപ്പിക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. കേരളത്തിലും ചിത്രം ചരിത്രം കുറിക്കുകയാണ്. 40 കോടിയിലധികമാണ് കേരളത്തിൽ നിന്ന് വിക്രം നേടിയിരിക്കുന്നത്.