മഹാരാഷ്ട്രയിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിൽ ഡെപ്യൂട്ടി സ്പീക്കർ നൽകിയ അയോഗ്യതാ നോട്ടീസിൽ മറുപടി നൽകാൻ വിമത എംഎൽഎമാർക്ക് ജൂലൈ 11-ന് വൈകിട്ട് കോടതി സമയം നൽകി. വിമത എംഎൽഎമാർക്ക് നേരെ നടപടി എടുക്കരുതെന്നും കോടതിയുടെ നിർദേശം. ഡെപ്യൂട്ടി സ്പീക്കർ നൽകിയ നോട്ടീസിൻ്റെ സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് കോടതി സമയം നീട്ടി നൽകിയത്. കേസുമായി ബന്ധപ്പെട്ട അഞ്ച് കക്ഷികൾക്ക് നോട്ടീസ് അയച്ച കോടതി അടുത്ത മാസം 12-ന് ഹർജി വീണ്ടും പരിഗണിക്കും.
ഇന്ന് വിമത എംഎൽഎമാരുടെ ഹർജി സുപ്രീംകോടതി പരിഗണിച്ചപ്പോൾ വിമത എംഎൽഎമാർക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ നിരജ് കിഷൻ കൗളും ഉദ്ധവ് താക്കറെയ്ക്ക് വേണ്ടി കോണ്ഗ്രസ് നേതാവ് കൂടിയായ സീനിയർ അഭിഭാഷകൻ മനു അഭിഷേക് സിഖ്വിയും ഹാജരായി. എംഎൽഎമാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സ്വത്തിനും സംരക്ഷണം നൽകാനും ഇടക്കാല ഉത്തരവിൽ കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
വിമത എംഎൽഎമാർ ഗുവാഹത്തിയിലേക്ക് മാറിയതോടെ നാട്ടിൽ ഇവരുടെ വീടുകൾക്കും മറ്റും ശിവസേനാ പ്രവർത്തകരിൽ നിന്നും ഭീഷണിയാണ് നേരിടേണ്ടി വന്നത്. പലയിടത്തും എംഎൽഎമാരുടെ വീടുകളും ഓഫീസും ആക്രമിക്കപ്പെടുന്ന നിലയുണ്ടായി.