ലോക്ക് ഡൗൺ കാലത്ത് തമിഴ്നാട്ടിൽ നിന്ന് അറുന്നൂറിൽ അധികം മൊബൈൽ ടവറുകൾ മോഷണം പോയി. ടവറുകൾ കൂട്ടത്തോടെ മോഷണം പോയെന്ന വിവരം മൊബൈൽ ഫോൺ കമ്പനികളുടെ ആവശ്യപ്രകാരം ടവറുകൾ നിർമ്മിക്കുന്ന ജി.ടി.എൽ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് എന്ന കമ്പനിയാണ് തമിഴ്നാട് പൊലീസിനെ അറിയിച്ചത്.
ജി.ടി.എൽ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 26,000 മൊബൈൽ ടവറുകൾ സ്ഥാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് തമിഴ്നാട്ടിലും 6,000 ടവറുകൾ സ്ഥാപിച്ചത്.കവർച്ചാ സംഘം മൊബൈൽ ടവറുകൾ അഴിച്ചെടുത്ത് കടത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ജി.ടി.എൽ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന് മുംബൈയിൽ കോർപ്പറേറ്റ് ഓഫീസും ചെന്നൈയിൽ ഒരു പ്രാദേശിക ഓഫീസും ഉണ്ട്.കൊവിഡ് സാഹചര്യത്തിൽ ടവറുകളിലെ നിരീക്ഷണം താൽക്കാലികമായി മുടങ്ങിയിരുന്നു. ഈ സമയത്താണ് തമിഴ്നാട്ടിൽ കവർച്ച നടന്നത്.
ഭീമമായ നഷ്ടം വന്നതോടെ ഈ കമ്പനി 2018ൽ പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. തുടർന്ന് മൊബൈൽ ടവറുകളുടെ പരിപാലനവും അവർ താൽക്കാലികമായി നിർത്തിയിരുന്നു.അടുത്തിടെ നെറ്റ് വർക്കിങ് ആവശ്യത്തിനായി പഴയ ടവർ ഉപയോഗിക്കുന്നതിനെക്കുറിച്ച് പഠിക്കാൻ കമ്പനിയുടെ ഉദ്യോഗസ്ഥർ തമിഴ്നാട്ടിലെത്തിയപ്പോഴാണ് ടവറുകൾ മോശം പോയത് അറിഞ്ഞത്.പരാതി നൽകിയതനുസരിച്ച് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.