തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് അടിച്ചു തകർത്ത സംഭവത്തിന് ശേഷം സംസ്ഥാനത്ത് നടന്ന വ്യാപക അക്രമം മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും അറിവോടെയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. നിയമസഭയിൽ മന്ത്രിമാരും ഭരണകക്ഷി എംഎൽഎമാരും മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷത്തിന്റെ ശബ്ദം അടിച്ചമർത്താൻ ശ്രമിക്കുകയായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് ആരോപണം ഉയർത്തുന്നു .
പ്രകോപനം നിറഞ്ഞ മുദ്രാവാക്യങ്ങളാണ് മന്ത്രിമാർ വിളിച്ചത്. നിയമസഭയിൽ സംഘർഷമുണ്ടാക്കാൻ വളരെ ആസൂത്രിതമായി മുൻകൈയെടുത്തത് ഭരണപക്ഷമാണ്. ഈ നീക്കത്തിൽ പ്രതിഷേധിച്ചാണ് സഭാ നടപടികൾ സ്തംഭിപ്പിക്കാൻ പ്രതിപക്ഷം തീരുമാനം എടുത്തത്.