ഡൽഹി: ജി 7 ഉച്ചകോടിയിൽ പങ്ക് എടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ രാത്രി ജർമനിയിലെത്തി. ജർമനി, യുഎഇ സന്ദർശനത്തിനിടെ 12 ലോക നേതാക്കളുമായി നരേന്ദ്ര മോദി ചർച്ച നടത്തുമെന്നു വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതിനു പുറമെ മ്യൂണിക്കിൽ ഇന്ത്യൻ സമൂഹത്തിന്‍റെ യോഗത്തിലും മോദി പ്രസംഗിക്കും.
ജർമനിയിൽ ഇന്നും നാളെയുമായി നടക്കുന്ന ഗ്രൂപ്പ് 7 രാജ്യങ്ങളുടെ ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം മടക്കയാത്രയിൽ ബുധനാഴ്ച യുഎഇയിലെത്തി അന്തരിച്ച മുൻ പ്രസിഡന്‍റ് ഷെയ്ക്ക് ഖലീഫ ബിൻ സഈദ് അൽ നഹിയാന്‍റെ വേർപാടിൽ അനുശോചനം അറിയിക്കും. ജി7 ഉച്ചകോടിക്കിടെ വിവിധ രാഷ്ട്രനേതാക്കളുമായി പ്രധാനമന്ത്രി മോദി പ്രത്യേക ഉഭയകക്ഷി ചർച്ചകളും നടത്തുകയും ചെയ്യും.