തിരുവനന്തപുരം: ഭരതനാട്യത്തിന്റെ ഉയർച്ചയും വളർച്ചയും ഉത്ഭവവും തുടങ്ങി ശിവ ഭക്തിരസങ്ങളുടെ സംവേദനവും വിവരിച്ച് നടിയും പ്രശസ്ത നർത്തകിയുമായ ശോഭനയും സംഘവും അവതരിപ്പിച്ച ‘ഭാണിക ‘ പ്രേക്ഷക ഹൃദയം കവർന്നു. വട്ടിയൂർക്കാവ് ഗുരുഗോപിനാഥ് നടന ഗ്രാമത്തിൽ നടക്കുന്ന നാട്യോത്സവം ഡാൻസ് ഫെസ്റ്റിവെല്ലിലെ മൂന്നാംദിനമാണ് ശോഭന നടനത്താൽ ആസ്വാദ്യകരമായത്.
സൃഷ്ടിയിലും നിരൂപണത്തിലും മൗലികാവലംബമായി പ്രസിദ്ധി നേടിയ ഭരതമുനിയുടെ നാട്യശാസ്ത്രത്തിന്റെ വിവിധ ഭാവങ്ങൾ, ഉത്ഭവം, രസപ്രധാനം തുടങ്ങിയവ നൃത്തത്തിലൂടെ പ്രേക്ഷക മുന്നിലെത്തി. ഭരതനെ ആസ്പദമാക്കി നന്ദികേശ്വരൻ രചിച്ച അഭിനയദർപ്പണത്തിന്നനുസരിച്ചാണ് ഇതിലെ അഭിനയവഴികൾ സ്വീകരിച്ചിട്ടുള്ളത്.
ശബ്ദങ്ങളിലും, വർണങ്ങളിലുമാണ് ഭരതനാട്യത്തിലെ അഭിനയമെന്നുമുള്ള ജ്ഞാനം ആസ്വാദകരിൽ നിറച്ച നൃത്താവിഷ്കാരത്തെ കൈയടികളോടെ സദസ് വരവേറ്റു. കൈലാസനാഥൻ ശിവന്റെ ഭക്തരോടുള്ള സ്നേഹവും ശിവഭക്തിയുടെ വിവിധ തലങ്ങളും നൃത്തരൂപത്തിൽ പ്രേക്ഷകർക്കു മുന്നിലെത്തി.