ഗുവാഹത്തി: മഹാരാഷ്ട്രയിലെ ശിവസേനയിലെ വിമതനീക്കത്തിന് പിന്നിൽ തങ്ങൾക്ക് ബന്ധമില്ലെന്ന്‍ ബിജെപി. എന്നാൽ ഉദ്ദവ് താക്കറെയുടെ നേതൃത്വത്തോട് അതൃപ്തിയുള്ള വിമതർ ഒളിവിൽ കഴിയുന്ന അസമിലെ റാഡിസൺ ബ്ലൂ ഹോട്ടലിനുള്ള സുരക്ഷ വ്യക്തമാക്കുന്നത് നേരെ തിരിച്ചാണ്.
ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനാ വിമതർ താമസിക്കുന്ന ഗുവാഹത്തിയിലെ ഹോട്ടലിന് ബിജെപി ഭരിക്കുന്ന അസമിലെ പൊലീസ് വൻ സുരക്ഷയാണ് നൽകുന്നത്. ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരെ മാറ്റി സുരക്ഷാ ചുമതല അസം പൊലീസ് ഏറ്റെടുത്തിരിക്കുകയാണ്. ഹോട്ടലിൽ സ്ഥിരമായെത്തുന്ന ചില എയർലൈൻ ജീവനക്കാരെയല്ലാതെ മറ്റാരെയും ഹോട്ടലിൽ താമസിപ്പിക്കുന്നില്ല.
ഗുജറാത്തിലെ സൂറത്തിൽനിന്ന് ഗുവാഹത്തിയിലെ ലോക്പ്രിയ ഗോപിനാഥ് ബൊർദോലായി എയർപോർട്ടിൽ വിമത എംഎൽഎമാർ എത്തിയത് മുതൽ ഈ രീതിയിലാണ് ഹോട്ടൽ പ്രവർത്തനം. പ്രവേശന കവാടത്തിലും പുറത്തേക്കുള്ള വഴിയിലും അസം പൊലീസിന്റെ മുഴുസമയ കാവലുണ്ട്. അഡീഷണൽ ഡിജിപിയും ഗുവാഹത്തി പൊലീസ് കമ്മീഷ്ണറുമായ ഹർമീത് സിങ് വ്യാഴാഴ്ചയും സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തിയിരുന്നു. മുമ്പ് സന്ദർശകർക്ക് തുറന്നിരുന്ന സ്ഥാപനത്തിനുള്ളിലെ റസ്റ്റാറൻറിലേക്കും ഇപ്പോൾ ആരെയും പ്രവേശിപ്പിക്കുന്നില്ല.
എന്നാൽ അസമിലെ ചില ബിജെപി നേതാക്കൾ 45000 സ്‌ക്വയർ ഫീറ്റിലുള്ള ഹോട്ടലിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. മാധ്യമങ്ങളുടെ ശ്രദ്ധയിൽപ്പെടാതെ ഹോട്ടലിൽ പ്രവേശിക്കാനുള്ള വഴികൾ ഉപയോഗപ്പെടുത്തിയാണ് ഇവർ ഹോട്ടലിൽ കഴിയുന്നത്.