തിരുവനന്തപുരം: രാഹുൽഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതിൽ എസ്.എഫ്.ഐ വയനാട് ജില്ലാ കമ്മിറ്റിയുടെ വിശദീകരണം സംസ്ഥാന നേതൃത്വം ചൊവ്വാഴ്ച കേൾക്കും. യോഗത്തിൽ സംസ്ഥാന സെന്റർ അംഗങ്ങൾ പങ്കെടുക്കും. ജില്ലാ കമ്മിറ്റിയുടെ വിശദീകരണം കേട്ട ശേഷമായിരിക്കും നടപടി തീരുമാനിക്കുക.
ജില്ലാ നേതൃത്വത്തിന് വീഴ്ച പറ്റിയിട്ടുണ്ടെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ. ജില്ലാ ഭാരവാഹികളടക്കമുള്ളവർക്ക് നേരെ നടപടി ഉണ്ടായേക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഇന്നു ചേർന്ന എസ്എഫ്‌ഐ സംസ്ഥാന സെന്റർ യോഗത്തിലാണ് തീരുമാനം.
അതേസമയം എം.പിയുടെ ഓഫീസ് അടിച്ച് തകർത്ത കേസിൽ 19 എസ്എഫ്‌ഐ പ്രവർത്തകരെ റിമാൻഡ് ചെയ്തു. എസ്എഫ്‌ഐ വയനാട് ജില്ലാ പ്രസിഡൻറ് ജോയൽ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി എന്നിവരടക്കമുള്ളവരെയാണ് ജയിലിലേക്ക് മാറ്റിയത്. അക്രമം അന്വേഷിക്കാൻ മാനന്തവാടി ഡിവൈഎസ്പിയുടെ നേത്യത്വത്തിൽ പ്രത്യേക സംഘത്തെ രൂപീകരിച്ചു.