വയനാട്: കൽപ്പറ്റയിൽ ദേശാഭിമാനി ഓഫീസിന് നേരെ കല്ലേറ്. രാഹുൽ ഗാന്ധിയുടെ എംപി ഓഫീസ് ആക്രമണത്തിനെതിരായ കോൺഗ്രസ് പ്രതിഷേധ റാലിക്ക് പിന്നാലെയാണ് ദേശാഭിമാനി ഓഫീസിന് നേരെ കല്ലേറുണ്ടായത്. ഓഫീസിന് നേരെ കല്ലെറിഞ്ഞശേഷം മുദ്രാവാക്യം വിളികളോടെ ഓഫീസിലേക്ക് ഇരച്ചുകയറാനും ശ്രമിച്ചു.
ഇന്ന് വൈകിട്ട് 4.45 ഓടെയായിരുന്നു സംഭവം. രാഹുൽഗാന്ധിയുടെ ഓഫീസിലുണ്ടായ അനിഷ്ടസംഭവങ്ങളിൽ പ്രതിഷേധിച്ച് യുഡിഎഫ് നടത്തിയ റാലിക്കിടെ അമ്പതോളം വരുന്ന പ്രവർത്തകർ ദേശാഭിമാനി ഓഫീസിന് നേരെ പാഞ്ഞടുക്കുകയായിരുന്നു. കല്ലും വടികളുമായെത്തിയ പ്രവർത്തകർ ജില്ലാ ബ്യൂറോ ഓഫീസിന് സമീപമെത്തി മുദ്രാവാക്യം മുഴക്കി കല്ലെറിഞ്ഞു. വാടകയ്‌ക്ക് പ്രവർത്തിക്കുന്ന ഓഫീസിന്റെ താഴത്തെ നിലയിൽ താമസിക്കുന്ന കെട്ടിട ഉടമയായ സ്‌ത്രീയും കുട്ടികളും പുറത്തിറങ്ങി ഒച്ചവയ്‌ച്ചതോടെയാണ് പ്രവർത്തകർ പിന്തിരിഞ്ഞത്.
കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത്, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജഷീർ പള്ളിവയൽ എന്നിവരുടെ നേതൃത്വത്തിലാണ് കൽപ്പറ്റയിൽ പ്രകടനം നടന്നത്. ദേശീയപാതയിലെ റാലിക്കിടെ ഒരുസംഘം പ്രവർത്തകർ വഴിതിരിഞ്ഞ് കൽപ്പറ്റ പള്ളിത്താഴെ റോഡിലുള്ള ദേശാഭിമാനി ഓഫീസിലേക്ക് എത്തി കല്ലെറിയുകയായിരുന്നു.
സംഭവത്തിൽ പത്രപ്രവർത്തക യൂണിയൻ പ്രതിഷേധിച്ചു. രാഹുൽ ഗാന്ധിയുടെ ഓഫീസ് അക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രതിഷേധങ്ങൾക്കിടയിൽ ദേശാഭിമാനി ജില്ലാ ബ്യൂറോക്കെതിരെയും മാധ്യമപ്രവർത്തകർക്ക് നേരെയുമുണ്ടായ അക്രമവും കൈയേറ്റങ്ങളും അംഗീകരിക്കാനാവാത്തതെന്ന് പത്രപ്രവർത്തക യൂണിയൻ വയനാട് ജില്ലാ കമ്മിറ്റി പ്രസ്താവയിലൂടെ അറിയിച്ചു. പ്രതിപക്ഷ നേതാവിനോട് ചോദ്യങ്ങൾ ചോദിച്ചതിന് വാർത്താസമ്മേളനത്തിൽ നിന്ന് ഇറക്കിവിടുമെന്ന് മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് വി.ഡി സതീശൻ വ്യക്തമാക്കണമെന്നും കെ.യു.ഡബ്ല്യു.ജെ ആവശ്യപ്പെട്ടു. ചോദ്യങ്ങളോട് അസഹിഷ്ണുത കാണിക്കുന്നത് നല്ല നേതാവിന്റെ പ്രണതയല്ല.മാധ്യമ സ്വാതന്ത്ര്യത്തിൻ മേലുള്ള ഇത്തരം കടന്നുകയറ്റങ്ങൾ അവസാനിപ്പിക്കേണ്ടതാണെന്നും കെ.യു.ഡബ്ല്യു.ജെ ആവശ്യപ്പെട്ടു.