നിതി ആയോഗിന്റെ പുതിയ സിഇഒ ആയി പരമേശ്വരന്‍ അയ്യരെ നിയമിച്ചു. അടുത്ത രണ്ട് വര്‍ഷത്തേക്ക് അദ്ദേഹം ഈ പദവി വഹിക്കും.യുപി കേഡറിലെ 1981 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ അയ്യര്‍, അമിതാഭ് കാന്തിന് പകരം ഇന്ത്യാ ഗവണ്‍മെന്റിന്റെ പബ്ലിക് പോളിസി തിങ്ക് ടാങ്കിന്റെ മൂന്നാമത്തെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി മാറും. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പേഴ്സണല്‍ ആന്‍ഡ് ട്രെയിനിംഗാണ് അദ്ദേഹത്തിന്റെ നിയമനം പ്രഖ്യാപിച്ചത്. നിലവിലെ സിഇഒ അമിതാഭ് കാന്തിന്റെ ജൂണ്‍ 30-ന് കാലാവധി പൂര്‍ത്തിയാകുമ്പോൾ പരമേശ്വരന്‍ അയ്യര്‍ ചുമതല ഏറ്റെടുക്കും.
ഉത്തര്‍പ്രദേശ് കേഡറിലെ 1981 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനും അറിയപ്പെടുന്ന ശുചിത്വ വിദഗ്ധനുമാണ്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ കുടിവെള്ള, സാനിറ്റേഷന്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് അദ്ദേഹം രാജിവച്ചിരുന്നു. 2009-ല്‍ ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസില്‍ നിന്ന് സ്വമേധയാ വിരമിച്ചു. ഐക്യരാഷ്ട്രസഭയില്‍ സീനിയര്‍ റൂറല്‍ വാട്ടര്‍ സാനിറ്റേഷന്‍ സ്പെഷ്യലിസ്റ്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
സ്വച്ഛ് ഭാരത് മിഷന്‍ നടപ്പിലാക്കുന്നതിനായി അയ്യരെ ഇന്ത്യാ ഗവണ്‍മെന്റ് നിയമിച്ചു. 2020-ല്‍ അദ്ദേഹം സ്ഥാനം രാജിവച്ച് വീണ്ടും ലോകബാങ്കില്‍ ചേരുന്നതിനായി അമേരിക്കയിലേക്ക് മടങ്ങി. ഭാരതത്തിന്റെ മുഖം മാറ്റിയ ശുചിത്വ പദ്ധതികളുടെ അമരക്കാരനായിരുന്നു പരമേശ്വരന്‍ അയ്യർ.