കുഞ്ചാക്കോ ബോബൻ വ്യത്യസ്ത ഗെറ്റപ്പിലെത്തുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന്റെ കൗതുകം നിറഞ്ഞ പോസ്റ്റർ പുറത്തിറങ്ങി. ചീമേനി മാന്വൽ എന്ന ദിനപ്പത്രത്തിൽ വന്ന ഫുൾ പേജ് വാർത്തയുടെ മാതൃകയിലുള്ള ഒഫീഷ്യൽ പോസ്റ്ററിന് വലിയ അളവിലുള്ള സ്വീകാര്യതയാണ് സോഷ്യൽ മീഡിയാ ഇടങ്ങളിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. ‘എം.എൽ.എയുടെ വീട്ടിൽ കയറിയ മോഷ്ടാവിനെ പട്ടി കടിച്ചു, നാട്ടുകാർ പിടിച്ചുകെട്ടി പോലീസിൽ ഏൽപ്പിച്ചു’ എന്ന തലക്കെട്ടോടുകൂടിയ വാർത്തയ്ക്കൊപ്പം മലയാളികൾ മുൻപെങ്ങും കാണാത്ത ദൈന്യഭാവത്തോടെ, പിൻകാലിലെ മുറിവ് ഡ്രസ് ചെയ്തുകൊണ്ടുള്ള ചാക്കോച്ചന്റെ നിൽപ്പും ഭാവവും ആരിലും ചിരിയുണർത്തും. മോഷ്ടാവായ നായകന്റെ നിലവിലെ അവസ്ഥ പത്രവാർത്താരൂപത്തിൽ വ്യക്തമാക്കുന്നതിനൊപ്പം ചിത്രത്തിന്റെ ഔദ്യോഗിക റീലീസ് തീയതിയും പോസ്റ്ററിലൂടെ പ്രഖ്യാപിക്കുകയം ചെയ്തു. ആഗസ്റ്റ് 12ന് കേരളത്തിലെ തിയറ്ററുകളിൽ ചിത്രം റിലീസ് ചെയ്യും.