പ്രശസ്ത പിന്നണി ഗായിക മഞ്ജരി വിവാഹിതയായി. ബാല്യകാല സുഹൃത്ത് ജെറിൻ ആണ് വരൻ. അടുത്ത ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ തിരുവനന്തപുരത്ത് വച്ചായിരുന്നു വിവാഹം. സിനിമാ രംഗത്തുനിന്ന് നടൻ സുരേഷ് ഗോപി, ഭാര്യ രാധികാ നായർ, ഗായകൻ ജി വേണുഗോപാൽ അടക്കമുള്ളവർ പങ്കെടുത്തു. വിവാഹചടങ്ങിന് ശേഷം മജീഷ്യൻ മുതുകാടിന്റെ മാജിക് അക്കാദമിയിൽ ആയിരുന്നു വിരുന്ന് സൽക്കാരം. മസ്ക്കറ്റിലായിരുന്നു മഞ്ജരിയുടെ പ്രാഥമിക വിദ്യാഭ്യാസം. ഇവിടെ ഒന്നാം ക്ളാസ് മുതൽ ഒരുമിച്ച് പഠിച്ചവരാണ് മഞ്ജരിയും റെജിനും. ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിൽ എച്ച് ആർ മാനേജറായി ജോലി നോക്കുകയാണ് റെജിൻ. പത്തനംതിട്ട സ്വദേശിയാണ്.
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെയാണ് മഞ്ജരി പിന്നണിഗാന രംഗത്തേയ്ക്ക് എത്തിയത്. ഉറുമിയിലെ ‘ചിമ്മി ചിമ്മി’, പൊന്മുടി പുഴയോരം – ‘ഒരു ചിരി കണ്ടാൽ’, അനന്തഭദ്രം- ‘പിണക്കമാണോ’, രസതന്ത്രം- ‘ആറ്റിൻ കരയോരത്തെ’, തുടങ്ങിയവ മഞ്ജരിയുടെ ഹിറ്റ് ഗാനങ്ങളാണ്. 2004ലും 2008ലും മികച്ച ഗായികയ്ക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു. 2004ൽ പുറത്തിറങ്ങിയ ‘മകൾക്ക്’ എന്ന ചിത്രത്തിലെ ‘മുകിലിൻ മകളേ’ എന്ന ഗാനത്തിനും, 2008ൽ പുറത്തിറങ്ങിയ ‘വിലാപങ്ങൾക്കപ്പുറം’ എന്ന ചിത്രത്തിലെ ‘മുള്ളുള്ള മുരിക്കിൻ മേൽ’ എന്ന ഗാനത്തിനുമായിരുന്നു അവാർഡ് സ്വന്തമാക്കിയത്.