തിരുവനന്തപുരം: എസ്.എഫ്.ഐ നിരോധിക്കപ്പെടേണ്ട തീവ്രവാദ സംഘടനയാണെന്ന് എം.എല്‍.എ പി.സി വിഷ്ണുനാഥ്. ബി.ജെ.പിയെ സുഖിപ്പിക്കാൻ കേരളത്തിലെ ഇടതുപാളയം ഏതറ്റം വരെയും പോകുമെന്നതിന്‍റെ തെളിവാണ് രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവമെന്നും പി.സി വിഷ്ണുനാഥ് ഫേസ്ബുക്കില്‍ കുറിച്ചു.
ഭരണത്തിന്‍റെ തണലിൽ അഴിഞ്ഞാടുന്ന ക്രിമിനലുകളെ രാഷ്ട്രീയമായി ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കും. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവം ബി.ജെ.പിയെ സുഖിപ്പിക്കാനുള്ള ഇടതുപക്ഷത്തിന്‍റെ ശ്രമമാണെന്ന് അരിയാഹാരം കഴിക്കുന്ന ഏത് മലയാളിക്കും ബോധ്യപ്പെടും. രാഹുലിനെ കേന്ദ്ര ഏജൻസികൾ വേട്ടയാടാൻ ശ്രമിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യൻ രാഷ്ട്രീയത്തിൽ ആരെവിടെ നിൽക്കുന്നു എന്നതും പകൽ പോലെ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം രാഹുല്‍ ഗാന്ധിയുടെ ഓഫീസിന് നേരെ എസ്.എഫ്.ഐ നടത്തിയ ആക്രമണത്തെ ശക്തമായ ഭാഷയില്‍ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. തെറ്റായ പ്രവണതയാണ് നടന്നതെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ജനാധിപത്യരീതിയിലുള്ള പ്രതിഷേധങ്ങൾക്കും അഭിപ്രായ പ്രകടനങ്ങൾക്കും സ്വാതന്ത്ര്യമുള്ള നാടാണിതെന്നും എന്നാല്‍ അത് അതിക്രമത്തിലേക്ക് കടക്കുന്നത് തെറ്റായ പ്രവണതയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. രാഹുൽ ഗാന്ധി എം.പിയുടെ ഓഫീസിനു നേരെ ഉണ്ടായ അതിക്രമത്തെ ശക്തമായി അപലപിക്കുന്നെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സർക്കാർ സ്വീകരിക്കുമെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.