തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അറിവോടുകൂടി അദ്ദേഹത്തിന്റെ ഓഫീസിന്റെ നിർദേശപ്രകാരമാണ് എസ്എഫ്ഐ രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ബിജെപി ദേശീയ നേതൃത്വത്തെ സന്തോഷിപ്പിക്കാനാണ് മുഖ്യമന്ത്രി ഇത് ചെയ്യിപ്പിച്ചതെന്ന് സതീശന് ആരോപിച്ചു.
ഒരു എംപിയുടെ ഓഫീസ് അടിച്ചു തകര്‍ക്കുന്നത് നോക്കിനിന്ന പോലീസ് അതിന് എല്ലാവിധ ഒത്താശയും ചെയ്തു കൊടുത്തു. ബഫര്‍സോണും രാഹുല്‍ ഗാന്ധിയും തമ്മില്‍ എന്താണ് ബന്ധം? അതിന്റെ പേരില്‍ മാര്‍ച്ച് നടത്തേണ്ടത് പിണറായി വിജയന്റെ വീട്ടിലേക്കാണ്. പൂട്ടിയിടേണ്ട ക്രിമിനലുകളെ തുറന്നുവിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നുവെന്ന് ടി.സിദ്ദിഖ് എംഎല്‍എ ആരോപിച്ചു. ബഫര്‍സോണ്‍ വിഷയത്തിലാണ് എസ്.ഐഫ്.ഐയുടെ പ്രതിഷേധം നടന്നത്. എസ്എഫ്ഐക്ക് ബഫര്‍ സോണുമായി എന്താണ് ബന്ധം എന്ന് മനസിലാകുന്നില്ല. രാഹുല്‍ ഗാന്ധി കേന്ദ്ര സര്‍ക്കാരിന്റേയും സംസ്ഥാന സര്‍ക്കാരിന്റേയും പ്രതിനിധിയല്ല. രാഹുല്‍ ഗന്ധിയുടെ ഓഫീസിലേക്ക് ഈ വിഷയത്തില്‍ മാര്‍ച്ച് നടത്തിയത് ബോധപൂര്‍വമാണ്. പോലീസിന്റെ സാന്നിധ്യത്തിലാണ് അക്രമം നടന്നത്. ഇതിന് കനത്ത മറുപടിയുണ്ടാകും. ജനാധിപത്യ രീതിയിലുള്ള പ്രതിഷേധവും പ്രതിരോധവും ഉയരും. കനത്ത വില സിപിഎം കൊടുക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.