കവരത്തി: ലക്ഷദ്വീപിൽ പൊതുസ്ഥലങ്ങളിൽ മത്സ്യവിപണനത്തിന് നിരോധനമേർപ്പെടുത്തി ലക്ഷദ്വീപ് ഭരണകൂടം. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് ഡയറക്ടർ സന്തോഷ്‌കുമാർ റെഡ്ഡി വ്യക്തമാക്കി.
ദ്വീപുകളിൽ ലഭ്യമായ മത്സ്യമാർക്കറ്റുകൾ ഉപയോഗിക്കുന്നതിനുപകരം റോഡുകളുടെ വശങ്ങളിലും ജംഗ്ഷനുകളിലും മത്സ്യം വിൽക്കുകയും, നീക്കം ചെയ്യുന്നതും പരിസരം വൃത്തിഹീനമാകുന്നതിനും, പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതിനും കാണമാകുന്നു എന്ന് ചൂണ്ടികാട്ടിയാണ് ഉത്തരവ്.
2002 ൽ സമാനമായ ഉത്തരവിറക്കിയെങ്കിലും ഇപ്പോഴും തൽസ്ഥിതി തുടരുന്നതിനാലാണ് പുതിയ ഉത്തരവ്. ചൊവ്വാഴ്ച്ച ഇറക്കിയ ഉത്തരവിനെതിരെ ദ്വീപ് നിവാസികൾ കടുത്ത എതിർപ്പിലാണ്.
പൊലീസ്, ആരോഗ്യവകുപ്പ്, പഞ്ചായത്ത്, എൽ.പി.സി.സി പ്രതിനിധികളെ ഉൾപ്പെടുത്തി ഒരു സംഘം രൂപീകരിച്ച് പരിശോധന നടത്താനും നിയമലംഘനങ്ങൾക്കെതിരെ നടപടിയെടുക്കാൻ ചുമതലയുള്ള ഫിഷറീസ് യൂണിറ്റുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ലംഘനങ്ങളെക്കുറിച്ചുള്ള പ്രതിമാസ റിപ്പോർട്ട്, കേന്ദ്രീകൃത നിരീക്ഷണത്തിനായി ഡയറക്ടറേറ്റിന് കൈമാറണമെന്നും ഉത്തരവിൽ പറയുന്നു.