ന്യൂഡൽഹി: എൻഡിഎയുടെ രാഷ്‌ട്രപതി സ്ഥാനാർത്ഥി ദ്രൗപതി മുർമു ഇന്ന് നാമ നിർദ്ദേശപത്രിക സമർപ്പിക്കും. പാർലമെന്റിലെത്തി വരണാധികാരിയായ രാജ്യസഭ സെക്രട്ടറി ജനറൽ പി.സി.മോദി മുമ്പാകെയാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദ, എൻഡിഎ കക്ഷി നേതാക്കൾ തുടങ്ങിയവർ പത്രിക സമർപ്പണത്തിൽ പങ്കെടുക്കും. ജൂലൈ 18നാണ് തിരഞ്ഞെടുപ്പ്.
നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ ഡൽഹിയിൽ എത്തിയ ദ്രൗപതി മുർമു പ്രധാനമന്ത്രി, ഉപരാഷ്‌ട്രപതി, പ്രതിരോധമന്ത്രി, ആഭ്യന്തരമന്ത്രി തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അടിസ്ഥാന വർഗത്തിന്റെ പ്രശ്‌നങ്ങളെക്കുറിച്ചും, രാജ്യത്തിന്റെ വികസനത്തെ കുറിച്ചും കൃത്യമായ കാഴ്‌ച്ചപ്പാടുള്ള നേതാവാണ് ദ്രൗപതി മുർമുവെന്ന് കൂടിക്കാഴ്ചയ്‌ക്ക് ശേഷം പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.