കോഴിക്കോട്: 30 പേർ വരുന്ന സംഘം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നുവെന്ന് ബാലുശ്ശേരിയിൽ ആൾക്കൂട്ട ആക്രമണത്തിന് ഇരയായ ജിഷ്ണു. പോസ്റ്റർ കീറുന്ന ആളാണെന്ന് ആരോപിച്ചായിരുന്നു മർദനമുണ്ടായതെന്നും സംഘത്തിലെ പലരും പ്രദേശവാസികളാണെന്നും ജിഷ്ണു പറഞ്ഞു.
ലീഗ് – എസ്ഡിപിഐ സംഘമാണ് ആക്രമിച്ചത്. എസ്ഡിപിഐയുടെ ഫ്ലക്സ് ബോർഡ് കീറിയെന്നാരോപിച്ചായിരുന്നു ആക്രമണം. അവരിൽ പലരെയും നേരിട്ട് കണ്ടിട്ടുണ്ട്. ചില ആളുകൾ പുറത്ത് നിന്നെത്തിയവരാണ്. ആയുധവുമായെത്തിയാണ് ആക്രമണമുണ്ടായതെന്നും ജിഷ്ണു വിശദീകരിച്ചു.
തന്നെ കുറെ കാലമായി എസ്ഡിപിഐ, മുസ്‌ലിം ലീഗ് സംഘം തെരഞ്ഞ് വച്ചതായിരുന്നു. ഇന്നലെ 30 പേര് അടങ്ങുന്ന സംഘം തന്നെ ഒറ്റക്ക് കിട്ടിയപ്പോള്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. വെള്ളത്തില്‍ പിടിച്ച് മുക്കി. തൊട്ടടുത്ത് ഒരു തോടുണ്ടായിരുന്നു അതിലാണ് മുക്കിയത്. ഒടുവില്‍ കഴുത്തില്‍ വടിവാള് വച്ച് ഭീഷണപ്പെടുത്തി എടുത്ത വിഡിയോ ആണ് ഇപ്പോള്‍ അവര്‍ പ്രചരിപ്പിക്കുന്നതെന്നും ജിഷ്ണു പറഞ്ഞു.
പാഷന്‍ പ്ലസ് ബൈക്കിലെത്തിയ രണ്ട് പേരാണ് വടിവാളുമായി വന്നത്. അത് കഴുത്തില്‍ വാള്‍ വച്ചിട്ട് അവര്‍ പറയുന്നത് പോലെ പറയാന്‍ ആശ്യപ്പെടുകയായിരുന്നു. സിപിഐഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിയും ബ്രാഞ്ച് അംഗങ്ങളും പറഞ്ഞിട്ട് അവരുടെ ഫ്‌ലക്‌സുകളും കൊടി തോരണങ്ങളും കീറിയെന്ന് പറയാന്‍ ആവശ്യപ്പെടുകയായിരുന്നു.
ഇന്ന് തന്റെ പിറന്നാളാണ്. ഒരു ചെറിയ കേക്ക് മുറിക്കല്‍ ഉണ്ടായിരുന്നു. അത് ആഘോഷിക്കുന്നതിനായി സുഹൃത്തിനെ വിളിക്കാന്‍ അവന്റെ വീട്ടില്‍ പോയതാണ്. അവനെ തിരിച്ചു കൊണ്ടാക്കാണമെന്നും പറഞ്ഞിരുന്നു. ഇതിനായി അവനെ വിളിക്കാന്‍ പോകുന്നതിനിടയിലാണ് ആക്രമണമുണ്ടായത്. എസ്ഡിപിഐയുടെ ഗുണ്ടാ സംഘമായിട്ടുള്ള മുസ്ലിം ലീഗുകാരും സംഘത്തില്‍ ഉണ്ടായിരുന്നു. വണ്ടിയിലെ ഇന്ധനം തീര്‍ന്നു എന്ന് പറഞ്ഞ് തന്റെ മൂന്ന് സുഹൃത്തുക്കളെ വിളിച്ചു വരുത്തി. അതില്‍ രണ്ടുപേരെ കാര്യമായി തന്നെ മര്‍ദിച്ചു. കഴിഞ്ഞ ദിവസം ഇവരുടെ കൊടിമരമോ കൊടിയോ എന്തോ നഷ്ടപ്പെട്ടിരുന്നു. അത് താനാണ് ചെയ്തത് എന്ന് പറയണമെന്നാവശ്യപ്പെട്ടായിരുന്നു തന്നെ വെള്ളത്തില്‍ മുക്കിയതെന്നും ജിഷ്ണു പറഞ്ഞു.
കോഴിക്കോട് ബാലുശ്ശേരിയിൽ ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചു എന്നാരോപിച്ചാണ് ഡിവൈഎഫ്ഐ പ്രവർത്തകനെ സംഘം ചേർന്ന് ആക്രമിച്ചത്. ഇന്ന് പുലർച്ചെയാണ് ജിഷ്ണുവിന് ക്രൂര മർദ്ദനമേറ്റത്. എസ് ഡി പി ഐയുടെ ഫ്ലക്സ് ബോർഡ് കീറിയെന്നാരോപിച്ചായിരുന്നു ആക്രമണം. ലീഗ് – എസ്ഡിപിഐ സംഘമാണ് ആക്രമിച്ചതെന്നാണ് ജിഷ്ണുവും സിപിഎമ്മും ആരോപിക്കുന്നത്.