സാധാരണക്കാർക്ക് പ്രയോജനം ചെയ്യുന്ന വികസന പ്രവർത്തനങ്ങളാണ് നാടിനാവശ്യമെന്ന് ഉമാ തോമസ് എംഎൽഎ. ഇത്തരം പദ്ധതികൾ തയ്യാറാക്കാനും നടപ്പിലാക്കാനും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ തയ്യാറാവണം. 2022-23 വാർഷിക പദ്ധതി രൂപീകരണത്തോട് അനുബന്ധിച്ചുള്ള ജില്ലാ പഞ്ചായത്ത് വികസന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎൽഎ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അധ്യക്ഷത വഹിച്ചു.
കൂടുതൽ തൊഴിൽ അവസരങ്ങൾ സ്യഷ്ടിക്കുന്നതിനായി സംരഭകത്വങ്ങളെ പ്രോത്സാഹിപ്പിക്കണമെന്ന നിർദ്ദേശം സെമിനാറിൽ ഉണ്ടായി. ഇതിനായി നാല് കേന്ദ്രങ്ങളിൽ പ്രത്യേക ശിൽപശാലകളും ജില്ലാ അടിസ്ഥാനത്തിൽ സ്റ്റാർട്ട് അപ്പ് സംഗമവും നടത്തും. ഗ്രാമീണ – ഫാം ടൂറിസത്തിന് പ്രാധാന്യം നൽകും. തരിശ് കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും വെള്ളപ്പൊക്കം തടയുന്നതിനും വാഹിനി മാതൃകയിൽ സുജലം പദ്ധതി നടപ്പിലാക്കണമെന്നും സെമിനാറിൽ നിർദ്ദേശിച്ചു.